പാർക്കിങ് കേന്ദ്രം നിർമാണത്തിന് മന്ദഗതി
text_fieldsകണ്ണൂർ: മാസങ്ങളുടെ ഇടവേളക്കുശേഷം പുനരാരംഭിച്ച നഗരത്തിലെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണ പ്രവൃത്തി മന്ദഗതിയിൽ. അമൃത് പദ്ധതിയിൽ 11 കോടി ചെലവഴിച്ച് ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സമര സ്തൂപത്തിന് സമീപവും എസ്.എൻ. പാർക്ക് റോഡിൽ പഴയ പീതാംബ പാർക്കിന് സമീപവുമായി രണ്ട് പാർകിങ്ങ് കേന്ദ്രങ്ങളാണ് നഗരത്തിൽ ഒരുങ്ങുന്നത്. ജഹവർ സ്റ്റേഡിയത്തിന് സമീപം അഞ്ച് നിലകളിലും എസ്.എൻ പാർക്ക് റോഡിൽ മൂന്ന് നിലകളിലുമായുള്ള മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം ഒരുങ്ങുന്നത്. ഇവ പൂർത്തിയായാൽ നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് നേരിയ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. നിലവിൽ പാതയോരത്തുള്ള അനധികൃത പാർക്കിങ് നഗരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കിനു വരെ കാരണമാകുന്നുണ്ട്. ഇതോടെയാണ് മൾട്ടി െലവൽ പാർക്കിങ് കേന്ദ്രം നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. പുണെ ആസ്ഥാനമായ അഡിസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണ ചുമതല. 2020 ഒക്ടോബറിലായിരുന്നു നിർമാണ പ്രവൃത്തിക്ക് തുടക്കമായത്. ആറുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കരാറുകാരും ഉപകരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിർമാണം നിലക്കുകയായിരുന്നു. കോർപറേഷൻ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുകയും വീണ്ടും ഈ വർഷം ജൂലൈയിൽ വീണ്ടും നിർമാണം തുടരുകയായിരുന്നു. എന്നാൽ, പ്രവൃത്തി ഇപ്പോഴും മന്ദഗതിയിലാണ്. ഡിസംബറിൽ തുറക്കാമെന്നായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രവൃത്തി തുടങ്ങുമ്പോൾ കോർപറേഷൻ അധികൃതർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.