ആറളം ഫാമിൽ വാസയോഗ്യമല്ലാത്ത വീടുകളുടെ നിർമാണം; നിയമസഭ സമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു
text_fieldsകണ്ണൂർ: ആറളം ഫാമിൽ സംസ്ഥാന നിർമിതി കേന്ദ്രം മുഖേന നിർമിച്ച 391 വാസയോഗ്യമല്ലാത്ത വീടുകൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വകുപ്പിനോട് നിയമസഭ സമിതി നിർദേശം.
കൃത്യമായ ശുചിത്വ സംവിധാനങ്ങൾ പോലുമില്ലാതെ 2008-09 വർഷമാണ് വീടുകൾ പണിതത്. ഇവയുടെ നിർമാണത്തിലെ അയോഗ്യത സംബന്ധിച്ചാണ് പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി റിപ്പോർട്ട് തേടിയത്. ആറളത്ത് 304 പേർക്ക് പുതിയ വീട് അനുവദിച്ചതായും അവയുടെ നിർമാണം പുരോഗമിക്കുന്നതായും ജില്ലാ ട്രൈബൽ ഓഫിസർ നിയമസഭ സമിതിയെ അറിയിച്ചു.
ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, സ്ഥലം കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ട്രൈബൽ റീസെറ്റിൽമെൻറ് ആൻഡ് ഡെവലപ്മെൻറ് മിഷൻ (ടി.ആർ.ഡി.എം) സമിതിയെ അറിയിച്ചു.
സ്വന്തമായി ഭൂമിയില്ലാത്ത 3,227 പേർക്ക് ആറളം ഫാമിൽ ഭൂമിയുടെ കൈവശരേഖ നൽകിയതായി ജില്ലാ ട്രൈബൽ ഓഫിസർ അറിയിച്ചു. 1,484 പേരാണ് നിലവിൽ സ്ഥിരമായി താമസിക്കുന്നത്. സംയുക്ത പരിശോധന റിപ്പോർട്ട് ഊരു കൂട്ടത്തിൽ അതിന്റെ ശുപാർശ പരിഗണിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ജനകീയ സമിതിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ കോപ്പി സമിതിക്ക് കൈമാറാൻ ചെയർമാൻ സമിതി അംഗം ഒ.ആർ കേളു എം.എൽ.എ നിർദേശിച്ചു.
തലശ്ശേരി തിരുവങ്ങാട് വില്ലേജിലെ കുട്ടിമാക്കൂൽ അത്തോളിമല വടക്കുഭാഗത്ത് മണ്ണുനീക്കി ഉരുൾപൊട്ടൽ സാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി, ജൂൺ ഒന്നിന് ചേരുന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗം പരിഗണിക്കുമെന്ന് എ.ഡി.എം അറിയിച്ചു. ഇവിടെ പരിശോധന നടത്തി സർവേ നടത്താൻ റിപ്പോർട്ട് നൽകിയതായി ജിയോളജിസ്റ്റ് അറിയിച്ചു.
വനപ്രദേശത്തെ കൈവശഭൂമിക്ക് കൈവശ രേഖ നൽകുന്നത് വനം വകുപ്പും ജില്ലാ കലക്ടറും റവന്യു വകുപ്പും സംയുക്തമായി പരിശോധിച്ച ശേഷമാണെന്ന് കുറിച്യ മുന്നേറ്റ സമിതി ജില്ല സെക്രട്ടറി വി. കേളപ്പന്റെ പരാതിക്ക് മറുപടിയായി അറിയിച്ചു. കൈവശ ഭൂമി വിഭജിച്ചു നൽകാൻ പെരുവ വാർഡിൽ 21 അപേക്ഷകൾ പഞ്ചായത്തിൽ പരിശോധനക്ക് വെച്ചിരിക്കുന്നു. കൈവശ രേഖക്കായുള്ള 57 അപേക്ഷകളിൽ 36 എണ്ണത്തിൽ കൈവശരേഖ നൽകി.
പക്ഷേ, വനാവകാശ നിയമപ്രകാരം ഭൂമി വിഭജിച്ചുനൽകാൻ കഴിയില്ലെന്ന് ജില്ലാ ട്രൈബൽ ഓഫിസർ അറിയിച്ചു. ജനപ്രതിനിധിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സമിതിക്ക് മുമ്പാകെ ഹാജരാവാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി എ.സി.പിയോട് തിരുവനന്തപുരത്ത് നേരിട്ട് സമിതി മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെടാൻ തീരുമാനിച്ചു. പട്ടികജാതി വകുപ്പിന് കീഴിൽ പട്ടികജാതി വിഭാഗക്കാർക്ക് വീടുവെച്ചുനൽകാൻ വയൽ ഭൂമി വാങ്ങിച്ചുകൊടുത്തതിനാൽ വീടുവെക്കാൻ കഴിയാത്തത് സംബന്ധിച്ച കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 10 പരാതികൾ പരിഗണിച്ചു. 14 പുതിയ പരാതികൾ സ്വീകരിച്ചു. സഭാസമിതി അംഗങ്ങളായ ഐ.സി. ബാലകൃഷ്ണൻ, എൻ.എ. നെല്ലിക്കുന്ന്, പി.വി ശ്രീനിജിൻ എന്നീ എം.എൽ.എമാരാണ് സിറ്റിങ്ങിൽ പങ്കെടുത്തത്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ ദിവാകരൻ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
ഉദ്യോഗസ്ഥർ ഭൂരിഭാഗവും എത്തിയില്ല
കണ്ണൂർ: ബന്ധപ്പെട്ട ഓഫിസർമാർ ബഹുഭൂരിപക്ഷവും പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി സിറ്റിങ്ങിൽ പങ്കെടുത്തില്ലെന്ന് ചെയർമാൻ അറിയിച്ചു. പങ്കെടുത്തവർ തന്നെ കാര്യങ്ങൾ പഠിച്ചിട്ടുമല്ല വന്നത്. പരസ്പര വിരുദ്ധമായാണ് സമിതിക്ക് മുമ്പാകെ പല കാര്യങ്ങളും ഉദ്യോഗസ്ഥർ പറഞ്ഞിട്ടുള്ളത്. അതിൽ സമിതിക്ക് പ്രയാസവും അതൃപ്തിയുമുണ്ട്. സാധാരണക്കാരുടെ ചെറുതും വലുതുമായ പരാതികളും വിഷയങ്ങളും നിരന്തരം സമിതിക്ക് അയച്ചിട്ട് അതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ് സമിതി നേരിട്ട് വന്നത് -ചെയർമാൻ പറഞ്ഞു. സമിതി സിറ്റിങ്ങിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയിട്ടും പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.