നഗരത്തിൽ കെട്ടിട നിർമാണ തൊഴിലാളി സെസ് പിരിവ് വൈകും
text_fieldsകണ്ണൂർ: കെട്ടിട നിർമാണ തൊഴിലാളി സെസ് തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ നിലപാടെടുത്തതോടെ കണ്ണൂർ കോർപറേഷനിൽ സെസ് പിരിവ് വൈകും.
സെസ് പിരിവിനെതിരായ എതിർപ്പ് സർക്കാറിനെ അറിയിക്കാൻ കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതോടെയാണിത്.
സർക്കാർ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സർക്കാറിനു കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമോയെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചപ്പോഴും നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു ഭരണപക്ഷം. തദ്ദേശ സ്ഥാപനങ്ങളെ കമീഷന് ഏജന്റുമാരാക്കുന്നതാണ് സർക്കാർ ഉത്തരവെന്നാണ് ഭരണപക്ഷം ഉന്നയിച്ച ആരോപണം.
തൊഴിൽ വകുപ്പ് ചെയ്യേണ്ടതാണ് ഈ ഉത്തരവാദിത്തമെന്നും അവരുടെ വീഴ്ച തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നുമാണ് കോർപറേഷൻ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാർ വ്യക്തമാക്കിയത്.
സെസ് പിരിക്കാനുള്ള ചുമതല ജോലിഭാരംകൊണ്ട് ബുദ്ധിമുട്ടുന്ന തദ്ദേശ വകുപ്പിന് നല്കിയ നടപടി തെറ്റാണ്. ഇതു നടപ്പാക്കിയാൽ തദ്ദേശ സ്ഥാപനങ്ങളും കൗണ്‍സിലര്‍മാരും പൊതുജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുകയാകും ഫലമെന്നും മേയർ ഉൾപ്പെടെ യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
നിർമാണ തെഴിലാളി ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നതിനുവേണ്ടിയാണ് സെസ് പിരിച്ചെടുക്കുന്നതെന്നാണ് സർക്കാർ ഉത്തരവിൽ ഉള്ളത്.
എന്നാൽ പെട്രോളിനും ഡീസലിനും സെസ്സ് പിരിച്ചെടുത്തിട്ടും ജനങ്ങൾക്ക് സാമൂഹിക ക്ഷേമ പെൻഷനുകൾ മുടങ്ങിയതാണ് യു.ഡി.എഫ് അംഗങ്ങൾ മറുപടിയായി ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നടത്തുന്നത് എൽ.ഡി.എഫാണ്. അതുകൊണ്ടുതന്നെ അവിടങ്ങളിൽ എതിർപ്പ് ഉയരാൻ സാധ്യത കുറവാണ്. കേരളത്തിലെ ആറ് കോർപറേഷനുകളിൽ കണ്ണൂർ മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്. മറ്റ് അഞ്ചും എൽ.ഡി.എഫ് ഭരണത്തിലാണ്. അതുകൊണ്ടു തന്നെ കണ്ണൂർ കോർപറേഷന്റെ പ്രതിഷേധം സർക്കാർ കണക്കിലെടുക്കാനുള്ള സാധ്യതയും കുറവാണ്.
അങ്ങനെ വന്നാൽ കോർപറേഷന് സർക്കാർ ഉത്തരവ് നടപ്പാക്കാതെ മുന്നോട്ടു പോകാൻ കഴിയുമോ എന്ന എൽ.ഡി.എഫ് അംഗങ്ങളുടെ ചോദ്യം പ്രസക്തമാണ്. കോർപറേഷൻ കൗൺസിൽ എതിർപ്പ് അറിയിക്കുന്ന സാഹചര്യത്തിൽ നഗര പരിധിയിൽ സെസ് പിരിച്ചെടുക്കൽ വൈകുമെന്നുറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.