കുടിവെള്ളം മലിനമാക്കിയാൽ പിടിവീഴും
text_fieldsകണ്ണൂർ: ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് വിവിധ പഞ്ചായത്തുകളിൽ മിന്നൽപരിശോധന നടത്തി. നാറാത്ത്, ചിറക്കൽ, പിണറായി, വേങ്ങാട്, കീഴല്ലൂർ, പായം, മുഴക്കുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി, ചപ്പാരപ്പടവ്, നടുവിൽ, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിലാണ് ആദ്യഘട്ട പരിശോധന നടത്തിയത്. നാറാത്ത്, കീഴല്ലൂർ പഞ്ചായത്തുകളിലെ പരിശോധനയിൽ മലിനീകരണമുണ്ടായതായി കണ്ടെത്തി പിഴയീടാക്കി.
സ്ഥാപനങ്ങൾക്ക് സമീപമുള്ള ജലാശയങ്ങൾ, പുഴ, തോട് എന്നിവയിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളൽ, മലിനജലവും ഖരമാലിന്യങ്ങളും ഒഴുക്കിവിടൽ, കക്കൂസ് മാലിന്യം ഒഴുക്കിവിടൽ തുടങ്ങിയവക്കാണ് പിഴ ഈടാക്കുന്നത്. അതത് പഞ്ചായത്ത് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലാണ് പരിശോധന. അടുത്തയാഴ്ച ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഒരുമിച്ച് പരിശോധന നടത്തുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ. അരുൺ അറിയിച്ചു. ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് ചുരുങ്ങിയത് 10,000 രൂപയാണ് പിഴ ഈടാക്കുക. വരൾച്ചസധ്യത മുന്നിൽ കണ്ട് നാട്ടിലെ പൊതുകുളങ്ങളടക്കമുള്ള ജലസ്രോതസ്സുകൾ ശുചീകരിക്കാനുള്ള നടപടികൾ ശുചിത്വ മിഷന്‍റെയടക്കം നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ജലസ്രോതസ്സുകൾ മലിനമാക്കുന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന് വ്യാപക പരാതി ലഭിക്കുന്നത്. ഇതേതുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.