കണ്ണൂരിൽ ട്രെയിനിനുനേരെ കല്ലേറ് തുടർക്കഥ
text_fieldsകണ്ണൂര്: ട്രെയിനിനു നേരെ സാമൂഹിക വിരുദ്ധരുടെ കല്ലേറ് കണ്ണൂരിൽ തുടർക്കഥയാവുന്നു. വന്ദേഭാരത് എക്സ്പ്രസിന് നേരെ തിങ്കളാഴ്ച വൈകീട്ട് 3.27ന് വളപട്ടണത്തുണ്ടായ കല്ലേറാണ് ഒടുവിലത്തെ സംഭവം.
ബോഗിയിൽ നേരിയ പൊട്ടലുണ്ടാക്കിയ കല്ലേറിൽ ആർക്കും പരിക്കില്ലെങ്കിലും തുടർച്ചയായുള്ള ആക്രമണങ്ങളിൽ റെയിൽവേ സംരക്ഷണ സേനക്കും റെയിൽവേ പൊലീസിനും ചില്ലറയൊന്നുമല്ല തലവേദന. കാസര്കോടു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ ബോഗിയില് തട്ടി കല്ല് തെറിക്കുകയായിരുന്നു.
ആര്.പി.എഫും പൊലീസും കല്ലേറുണ്ടായ പ്രദേശത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേരത്തെ മലപ്പുറം തിരൂരിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായെങ്കിലും കണ്ണൂരിലെ കല്ലേറ് റെയിൽവേ കാര്യമായാണ് കാണുന്നത്.
കഴിഞ്ഞ ജനുവരി 30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട യശ്വന്ത്പൂർ എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറാണ് ഇതിന് മുമ്പത്തെ സംഭവം. വൈകീട്ട് 6.10 ഓടെ കണ്ണൂരിൽനിന്ന് പുറപ്പെട്ട വണ്ടിയുടെ 15ാം നമ്പർ കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ്റ്റേഷനുമിടയിൽ ആനയിടുക്ക് ലെവൽ ക്രോസിന് സമീപമാണ് സംഭവം.
അന്നും റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞയാളെ പിടികൂടാനായില്ല. കൃത്യമായി എവിടെനിന്നാണ് കല്ലേറുണ്ടായതെന്ന് പറയാൻ യാത്രക്കാർക്കും കഴിഞ്ഞില്ല.
മിനുട്ടുകൾക്കുള്ളിൽ കിലോമീറ്ററുകൾ താണ്ടുന്ന ട്രെയിനായതിനാൽ കൃത്യമായ സ്ഥലം കണ്ടെത്താൻ വിഷമകരമാണ്. 2022 സെപ്തംബർ 11ന് മൂകാംബിക സന്ദർശനത്തിന് ശേഷം ട്രെയിനിൽ മടങ്ങവെ കോട്ടയം സ്വദേശിനിയായ കീർത്തന രാജേഷ് എന്ന വിദ്യാർഥിനിക്ക് എടക്കാടിന് സമീപം കല്ലേറിൽ പരിക്കേറ്റിരുന്നു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപർകോച്ചിൽ യാത്ര ചെയ്യവെയാണ് കല്ലേറുണ്ടായത്.
ജീവൻ വരെ നഷ്ടമാകാം
അതിവേഗത്തിൽ പായുന്ന ട്രെയിനിന് നേരെയുണ്ടാകുന്ന കല്ലേറിന് ആഘാതം കൂടും. കല്ലേറിൽ ജീവൻപോലും അപകടത്തിലായേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ട്രെയിൻ യാത്രക്കിടെ സാമൂഹിക വിരുദ്ധരുടെ കല്ലേറിൽ കണ്ണിൽ പരിക്കേറ്റ് കാഴ്ച നഷ്ടമായ സംഭവങ്ങൾ ഏറെയാണ്. ജനലരികിലും വാതിലിന് സമീപവും യാത്ര ചെയ്യുന്നവർക്കാണ് പലപ്പോഴും പരിക്കേൽക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കല്ലേറിൽ തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.
മംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ ട്രെയിനിന് നേരെ ഇടക്കിടെ കല്ലേറുണ്ടാവാറുണ്ടെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. പലപ്പോഴും വാതിലിലും മറ്റും തട്ടി കല്ല് പുറത്തേക്ക് തെറിക്കുന്നതിനാൽ അപകടം ഒഴിവാകുകയാണ്. ടി.ടി.ആറും യാത്രക്കാരും വിവരമറിയിച്ച് ട്രെയിൻ നിർത്തി റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും പരിശോധന നടത്തുമ്പോഴേക്കും വണ്ടി കിലോമീറ്ററുകൾ പിന്നിട്ടിട്ടുണ്ടാവും. പലപ്പോഴും പരാതിയാകാറില്ല.
കല്ലുവെപ്പിലും കണ്ണൂർ
റെയിൽവേ പാളത്തിൽ കല്ലുകൾ കയറ്റിവെച്ച് അട്ടിമറി ശ്രമവും കണ്ണൂരിലുണ്ടായി. കഴിഞ്ഞവർഷം തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ എളമ്പച്ചിയിൽ പാളത്തിന് മുകളിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ ആറ് കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. പാപ്പിനിശേരി മേൽപ്പാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറി ശ്രമവും കഴിഞ്ഞവർഷം മലബാർ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഒഴിവായത്.
ട്രാക്കുകളിൽ 10 മീറ്ററോളം ദൂരത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിലായിരുന്നു. മാഹിക്കും തലശ്ശേരിക്കുമിടയിൽ പലയിടങ്ങളിലായി റെയിൽ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. ചിറക്കൽ, എടക്കാട് ഭാഗങ്ങളിലും പാളങ്ങളിൽ കല്ല് കണ്ടെത്തിയിരുന്നു.
കൗതുകം കൂടുമ്പോൾ
കൗതുകത്തിന്റെ പേരിൽ കൗമാരക്കാർ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ ഏറെയാണ്. സ്കൂൾവിട്ടും കളി കഴിഞ്ഞും മടങ്ങുന്ന സംഘങ്ങൾ ട്രെയിനിന് നേരെ കല്ലെറിയുന്നതായി പരാതിയുണ്ടായിരുന്നു. ട്രാക്കിനോട് ചേർന്ന കളിസ്ഥലങ്ങിൽനിന്നും കല്ലേറുണ്ടാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു.
കുട്ടികൾ കൗതുകത്തിനാണ് കല്ലെറിയുന്നതെങ്കിലും അതുണ്ടാക്കുന്ന അപകടത്തെകുറിച്ച് ചിന്തിക്കാറില്ല. അധ്യാപകരും രക്ഷിതാക്കളും ഇതു സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നൽകണം. പല സംഭവങ്ങളിലും രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.