മാടായി കോളജിലെ വിവാദ നിയമനം; വിഷയം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്ക്
text_fieldsപയ്യന്നൂർ: മാടായി കോളജിലെ വിവാദ നിയമനം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്ക്. നിയമനം റദ്ദ് ചെയ്യാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ എ.ഐ.സി.സിക്ക് പരാതി നൽകി.
കോളജ് ചെയർമാനും കോഴിക്കോട് എം.പിയുമായ എം.കെ. രാഘവന്റെ അടുത്ത ബന്ധുവായ, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ എം.കെ. ധനേഷിനെ കോളജിൽ ഓഫിസ് അസിസ്റ്റന്റായി നിയമിച്ചതാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
സി.പി.എം ശക്തി കേന്ദ്രങ്ങളിൽ അക്രമവും ഭീഷണിയും അതിജീവിച്ച് പാർട്ടി പ്രവർത്തനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരെ പാർട്ടി സ്ഥാപനങ്ങളിൽ നിന്നു പോലും അവഗണിക്കുന്ന സമീപനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കയച്ച പരാതിയിൽ പറയുന്നു. ഡി.സി.സിയുടെയും കെ.പി.സി.സി.യുടെയും നിർദേശങ്ങൾ അംഗീകരിക്കാതെയാണ് കോളജിൽ നിയമനം നടത്തിയതെന്നും പാർട്ടി നിർദേശം ലംഘിച്ച ഡയറക്ടർമാരെ ഡി.സി.സി സസ്പെൻഡ് ചെയ്യുകയുമുണ്ടായതായും പരാതിയിൽ പറയുന്നു. പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രശ്നം പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന സ്ഥിതിവരെയെത്തി.
കോളജ് ചെയർമാനായ എം.കെ. രാഘവൻ എം.പിയുടെ കുഞ്ഞിമംഗലത്തെ തറവാട് വീട്ടിലേക്ക് മാർച്ചും തുടർന്ന് എം.പിയുടെ കോലം കത്തിക്കുന്ന സ്ഥിതിയുമുണ്ടായി.
ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയ ഡയറക്ടർമാരെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രഖ്യാപിച്ചതോടെ, ഇതിന്റെ പേരിൽ തെരുവിൽ ഏറ്റുമുട്ടലുമുണ്ടായി. പ്രശ്നം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന നേതൃത്വം പ്രശ്നപരിഹാരത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ കണ്ണൂരിലേക്കയക്കുകയും ഇരുവിഭാഗവുമായി സംസാരിക്കുകയും, പ്രശ്നം എത്രയും വേഗം രമ്യമായി പരിഹരിക്കുമെന്നും പ്രവർത്തകർക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു. തീരുമാനമാകുന്നതുവരെ ഈ വിഷയത്തിൽ ഇരു വിഭാഗവും പരസ്യ പ്രസ്താവന നടത്തരുതെന്ന് വിലക്കിയിരുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് സതീശൻ പാച്ചേനിയും ഇടപെട്ടു.
എന്നാൽ, ഒരു മാസമാകാറായിട്ടും യാതൊരു തീരുമാനവും ഉണ്ടായില്ല. ഇത് പ്രവർത്തകരിൽ അമർഷം ശക്തിപ്പെടാനിടയാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകന് മാടായി കോളജിൽ നിയമനം നൽകിയ നടപടിയുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ടു പോകാനാണ് ഭാവമെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കടുത്ത നിലപാട് സ്വീകരിക്കാൻ തങ്ങൾ തയാറാകുമെന്നും കേരളത്തിലങ്ങോളമിങ്ങോളം അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമനം റദ്ദാക്കണം, പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിൽ പ്രവർത്തകർക്ക് മുൻഗണന ഉറപ്പുവരുത്തും എന്ന രീതിയിലുള്ള സർക്കുലർ ഇറക്കാൻ എ.ഐ.സി.സി തയാറാകണമെന്ന ആവശ്യവും ദീപാദാസ് മുൻഷിക്കയച്ച കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.