പൈപ്പ് വഴിയെത്തും, ഇനി പാചകവാതകം
text_fieldsകണ്ണൂർ: കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലെ വീടുകളിൽ മേയിൽ പൈപ്പ് വഴി പാചകവാതകമെത്തും. സിറ്റി ഗ്യാസ് പദ്ധതി വഴി വീടുകളിൽ പാചകവാതക കണക്ഷനുകൾ നൽകുന്നതിനുള്ള പൈപ്പിടൽ പൂർത്തിയായി. മേയിൽ വാർഡുകളിലെ ആയിരത്തിനടുത്ത് വീടുകളിൽ ഗാർഹിക കണക്ഷൻ നൽകാനാവുമെന്നാണ് പ്രതീക്ഷ. ഗെയിൽ പൈപ്പ് ലൈൻ വഴിയാണ് പാചകവാതകം വിതരണം ചെയ്യുക.
കൂടാളിയിലെ സ്‌റ്റേഷനിൽനിന്നാണ് പൈപ്പ് ലൈൻ വഴി വാതകം എത്തിക്കുക. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ വാതകം എത്തിക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ കോർപറേഷൻ പ്രദേശങ്ങളിൽ വാതകം എത്തിക്കുന്നതിനായി ചാലോട് നിന്നും മേലെചൊവ്വ വരെ എട്ട് ഇഞ്ച് വ്യാസമുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പ് ഇടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പാചകവാതകത്തിനുപുറമെ, വാഹനങ്ങൾക്ക് വാതകം നിറക്കുന്നതിനായുള്ള സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളിലും സിറ്റി ഗ്യാസ് പദ്ധതി വഴിയുള്ള പാചകവാതക വിതരണം നടക്കും.
എൽ.പി.ജിയേക്കാൾ ചെലവുകുറവ്
ജില്ലയിലെ സ്റ്റേഷനിൽനിന്ന് മർദം കുറച്ചാണ് വീടുകളിലേക്ക് പാചകവാതകം നൽകുക. പൊതു പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർവരെ സൗജന്യമാണ്. ഉപയോഗിക്കുന്നതിനു മാത്രം വില നൽകിയാൽ മതി. പദ്ധതി വഴി ഗാർഹിക ഉപഭോക്താക്കൾക്ക് 24 മണിക്കൂറും പാചകവാതകം ലഭ്യമാകും.
എൽ.പി.ജിയെക്കാൾ സിറ്റിഗ്യാസ് പദ്ധതി വഴിയുള്ള പാചകവാതക വിതരണത്തിന് ചെലവു കുറയും. ഇതിനകം 100 ഓളം ഗാർഹിക ഉപഭോക്താക്കൾ പാചകവാതകത്തിനായി രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.