കോർപറേഷൻ കൗൺസിൽ യോഗം; ക്ഷേമപെൻഷൻ വിതരണത്തിൽ കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷം
text_fieldsകണ്ണൂര്‍: ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട അപകതകളെചൊല്ലി കോർപ്പറേഷൻ കൗൺസിൽ യോഗം വാക് പോരിൽമുങ്ങി. ഭരണപക്ഷ കൗണ്‍സിലര്‍ കെ.പി. അബ്ദുല്‍ റസാഖ് വിഷയം കൗൺസിലിൽ അവതരിപ്പിച്ചതോടെയാണ് ചർച്ചയായത്. വാര്ധക്യപെന്ഷന് വാങ്ങുന്നവരുടെ ആധാര്‍ ഓതന്റിക്കേഷന് പൂര്‍ത്തിയാക്കാന്‍ ഓരോ ഡിവിഷനിലും ഇനിയും നിരവധിയാളുകള്‍ ബാക്കിയുണ്ടെന്നും ഓതന്റിക്കേഷന് നടത്താനുള്ള സമയപരിധി നീട്ടണമെന്നും ഇദ്ദേഹം പറഞ്ഞു. ഇതോടെ ഈ ആവശ്യം പ്രതിപക്ഷത്തെ ചില കൗണ്‍സിലര്‍മാരും ഉന്നയിച്ചു. ഇന്നായിരുന്നു ഓതന്റിക്കേഷന് പൂര്‍ത്തിയാക്കേണ്ട അവസാന തിയതി. എന്നാല്‍ പ്രതിപക്ഷത്തെ കൗൺസിലർ കെ.
പ്രദീപന് സര്‍ക്കാരിന്റെ പുതിയ ഒരു ഓര്‍ഡര്‍ ഉണ്ടെന്നും അതുപ്രകാരം 20 വരേ നീട്ടിയിട്ടുണ്ടെന്നും പറഞ്ഞു. അത്തരമൊരു നിര്‍ദേശം കോര്‍പറേഷനില്‍ ലഭിച്ചിട്ടില്ലെന്ന് മേയറും മറ്റ് കൗണ്‍സിലര്‍മാരും പറഞ്ഞു. മസ്റ്ററിങ് തടത്താനുള്ള സമയപരിധിയാണ് 20 വരേ നീട്ടിയതെന്നാണ് ലഭിച്ച വിവരമെന്ന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി. ഷമീമ പറഞ്ഞു. മസ്റ്ററിങ് കഴിഞ്ഞ് സാക്ഷ്യപത്രം നല്‍കിയവരുടെ പെന്‍ഷന്‍പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശികയുണ്ടായിരുന്നുവെന്നും അപ്പോള്‍ ഈ പ്രതിഷേധം കണ്ടില്ലെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.
അതേസമയം അഞ്ചുമാസമായി വിധവ അവിവാഹിത പെന്ഷന് ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെന്നും ഭരണപക്ഷം ഉന്നയിച്ചു. പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതാണ് ഇതിന് കാരണമെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.പയ്യാമ്പലത്തെ ശാന്തിതീരത്ത് ശവദാഹത്തിനായി പരമാവധി വിറക് ഒഴിവാക്കി ഗ്യാസ് ക്രിമറ്റോറിയം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും മേയര്‍ ടി.ഒ. മോഹനന് അഭിപ്രായപ്പെട്ടു. പയ്യാമ്പലത്ത് ടേക്ക് എ ബ്രേക്ക് മാതൃകയില്‍ ശൗചാലയം നിര്‍മിക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്, എസ്. ഷഹീദ, മുസ്ലിഹ് മഠത്തില്‍, പി.വി. ജയസൂര്യന്‍, ചിത്തിര ശശിധരന് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.