കോർപറേഷൻ വികസന സെമിനാർ: സർക്കാർ ഫണ്ട് വിഹിതം വെട്ടിക്കുറക്കുന്നു -മേയർ
text_fieldsകണ്ണൂർ: സംസ്ഥാന സർക്കാർ ഫണ്ട് വിഹിതം വെട്ടിക്കുറച്ച് തദ്ദേശസ്ഥാപനങ്ങളെ ഞെരുക്കി ഇല്ലാതാക്കുകയാണെന്ന് മേയർ ടി.ഒ. മോഹനൻ. കണ്ണൂര്‍ മുനിസിപ്പല്‍ കോർപറേഷന് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ തദ്ദേശസ്ഥാപനങ്ങളെ ഞെരുക്കി ഇല്ലാതാക്കുകയാണെന്ന് ഉദ്ഘാടനം ചെയ്യവെ മേയർ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം യഥാസമയം മുന്‍കൂട്ടി സർക്കാർ അനുവദിച്ച് നല്‍കുന്നില്ല. ഇത് പദ്ധതി ആസൂത്രണത്തിനും നിര്‍വഹണത്തിനും കാലതാമസം ഉണ്ടാക്കുന്ന സാഹചര്യമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.
നടപ്പു വര്‍ഷം നവംബറിലാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. മാര്‍ച്ച് 31നു മുമ്പ് പദ്ധതി തുക ചെലവഴിക്കാനായില്ലെങ്കില്‍ ഫണ്ട് തിരിച്ചുപിടിക്കാനുള്ള ആസൂത്രിത നീക്കം സര്‍ക്കാറില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ആസൂത്രണമില്ലാതെ പദ്ധതി നടപ്പാക്കിയാല്‍ കൃത്യമായ ഗുണം ജനങ്ങള്‍ക്ക് ലഭിക്കില്ല. വരുംവര്‍ഷങ്ങളില്‍ പ്രശ്നങ്ങളില്ലാതെ കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാൻ സമയവും സാഹചര്യവും സര്‍ക്കാര്‍ നല്‍കണം.
ഈ വര്‍ഷം പദ്ധതി വിഹിതത്തില്‍ അനുവദിച്ച തുകയില്‍ അഞ്ച് കോടിയുടെ കുറവാണ് വന്നത്. കുറവ് ചെയ്ത തുക നികത്തി അധികവിഹിതം കൂടി അനുവദിച്ചാല്‍ മാത്രമേ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കൂ. കുടിവെള്ളക്കരത്തിൽ ഉണ്ടായ വർധനയും തദ്ദേശസ്ഥാപനങ്ങൾക്ക് താങ്ങാൻ കഴിയാത്തതാണെന്നും മേയർ പറഞ്ഞു.
കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് പി.കെ. രാഗേഷ് പദ്ധതി അവതരണം നിർവഹിച്ചു.
സ്ഥിരം സമിതി ചെയര്മാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍. സുകന്യ, എന്‍. ഉഷ, വി.കെ. ഷൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.കെ. വിനോദ്, പ്ലാനിങ്ങ് റിസോഴ്സ് പേഴ്സൻ പി.പി. കൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
19 വര്‍ക്കിങ് ഗ്രൂപ്പുകളില്‍നിന്നും വാര്‍ഡ് കമ്മിറ്റികളില്‍നിന്നും ലഭ്യമായ 2023-24 വര്‍ഷത്തേക്കുള്ള പദ്ധതി നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ അംഗീകരിച്ച കരട് പദ്ധതിരേഖ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വികസന സെമിനാറില്‍ വിശദ ചര്‍ച്ച നടന്നു.
ഭിന്നശേഷിക്കാര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങൾ
കണ്ണൂർ: ഭിന്നശേഷിക്കാര്‍ക്ക് ബഡ്സ് റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടിയൊരുങ്ങും. വികസന സെമിനാറില്‍നിന്ന് അന്തിമ പദ്ധതി രേഖയിലേക്ക് ഉയര്‍ന്നുവന്ന പ്രധാന പദ്ധതി നിർദേശങ്ങളിലൊന്നാണിത്.
കോർപറേഷന്റെ മെയിന്‍ ഓഫിസും സോണല്‍ ഓഫിസുകളും സമ്പൂര്‍ണ ഇ -ഡിജിറ്റല്‍ ഓഫിസാക്കല്, മാലിന്യ ശേഖരണ വണ്ടികളില്‍ ജി.പി.എസ് ട്രാക്കിങ്ങ് സിസ്റ്റം ഏര്‍പ്പെടുത്തല്‍, മൃഗാശുപത്രികളുടെ ആധുനികവത്കരണം, വനിതകളെ തൊഴില്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് നൈപുണ്യ പരിശീലനം, അംഗൻവാടികള്‍ക്ക് സ്ഥലം വാങ്ങല്‍, കെട്ടിട നിർമാണം.
വൈദ്യുതീകരണം, ഡയാലിസിസിന് ധനസഹായവും മാരകരോഗങ്ങള്‍ക്ക് മരുന്നും, പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങള്‍ക്ക് സൗജന്യ കുടിവെള്ള ഗാര്‍ഹിക കണക്ഷന്, വൈദ്യുതിതൂണുകൾ ഒഴിവാക്കി ഭൂമിക്കടിയിലൂടെ വൈദ്യുതിലൈന്‍ ഒന്നാം ഘട്ടം, ഒന്നു മുതല്‍ 10 വരെയുള്ള വിദ്യാർഥികള്‍ക്ക് സകൂളുകളിൽ പ്രഭാതഭക്ഷണം, പട്ടികവർഗ വിദ്യാർഥികള്‍ക്ക് പ്രീ മെട്രിക് ഹോസ്റ്റല്‍ എന്നിവയാണ് സെമിനാറിൽ ഉയർന്നുവന്ന നിർദേശങ്ങൾ. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്കായി വികസന ഫണ്ട് ഇനത്തില്‍ 52 കോടിയും പട്ടികജാതി പ്രത്യേക ഘടക പദ്ധതിക്കായി 3.68 കോടിയും പട്ടിക വർഗ ഉപ പദ്ധതിക്കായി 35 ലക്ഷവുമാണ് ബജറ്റില്‍ വകയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.