അനാവശ്യ ടാപ്പുകൾ; വെള്ളക്കരത്തിൽ കോർപറേഷന് കോടികളുടെ നഷ്ടം
text_fieldsകണ്ണൂർ: അനാവശ്യ ടാപ്പുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിലൂടെ വെള്ളക്കര ഇനത്തിൽ കോടികളുടെ നഷ്ടമാണ് കോർപറേഷന് ഉണ്ടാകുന്നതെന്ന് കൗൺസിൽ യോഗത്തിൽ വിമർശനം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷന്‍റെ സൗജന്യ കുടിവെള്ള പൈപ്പ് ലൈൻ പോകുന്നിടത്തും ജല അതോറിറ്റിയുടെ പൊതുടാപ്പുകൾ സ്ഥിതിചെയ്യുന്നുണ്ട്.
ഇത് കോർപറേഷന് അനാവശ്യ ചെലവാണ് സൃഷ്ടിക്കുന്നതെന്ന് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. രാഗേഷ് ചൂണ്ടിക്കാട്ടി.
ഇത്തരം പൊതുടാപ്പുകൾ ഒഴിവാക്കാൻ മുമ്പ് നടന്ന രണ്ട് കൗൺസിൽ യോഗത്തിലും തീരുമാനമായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് തികഞ്ഞ അലംഭാവമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ മേയിൽ മാത്രമായി ഏഴരലക്ഷം രൂപയാണ് വെള്ളക്കര ഇനത്തിൽ കോർപറേഷൻ ജല അതോറിറ്റിയിൽ അടക്കാനുള്ളത്. ഇത്തരത്തിൽ ഒരുവർഷത്തിൽ ഒരു കോടിയിലധികം രൂപയാണ് കോർപറേഷന് നഷ്ടം വരുന്നത്.
പള്ളിക്കുന്ന്, എടക്കാട്, എളയാവൂർ ഡിവിഷനുകളിൽ അനാവശ്യമായതും ഉപയോഗിക്കാത്തതുമായ നിരവധി പൊതുടാപ്പുകളാണുള്ളതെന്ന് രാഗേഷ് ചൂണ്ടിക്കാട്ടി. ഇതിൽ അടിയന്തര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനാവശ്യ ടാപ്പുകൾ കണ്ടെത്താനും നീക്കം ചെയ്യാനും ജനപ്രതിനിധികൾ കൂടി മുൻകൈയെടുക്കണമെന്ന് മേയർ ടി.ഒ. മോഹനൻ യോഗത്തിൽ ആവശ്യമുന്നയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഇത് കൗൺസിലർമാരുടെമേൽ കെട്ടിവെക്കാൻ അനുവദിക്കരുതെന്നും രാഗേഷ് പ്രതികരിച്ചു.
തുടർന്ന് സംഭവത്തിൽ തുടർനടപടി സ്വീകരിക്കാൻ എൻജിനീയറിങ് വിഭാഗത്തിന് മേയർ നിർദേശം നൽകി. സംഭവത്തിൽ വിവിധ സമിതികളുടെ നേതൃത്വത്തിൽ യോഗം വിളിക്കാനും തീരുമാനമായി.
പയ്യാമ്പലം പൊതുശ്മശാനം; പ്രശ്നങ്ങൾ പഠിക്കാൻ സബ്കമ്മിറ്റി
കണ്ണൂർ: പയ്യാമ്പലം ശാന്തിതീരത്തിലെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സബ്കമ്മിറ്റിയെ നിയോഗിച്ചതായി മേയർ ടി.ഒ. മോഹനൻ കൗൺസിൽ യോഗത്തെ അറിയിച്ചു. ആരോഗ്യ, വികസന, ധനകാര്യ സ്ഥിരം സമിതി ചെയർമാന്മാർ അംഗങ്ങളായ കമ്മിറ്റിയായിരിക്കും വിഷയങ്ങൾ പഠിക്കുക.
ശ്മശാനത്തിൽ സംസ്കാരത്തിനാവശ്യമായ വിറകുകൾ ഇല്ലാത്തതടക്കമുള്ള പ്രതിസന്ധിയാണുള്ളതെന്ന് പ്രതിപക്ഷ കൗൺസിലർ ടി. രവീന്ദ്രൻ യോഗത്തിൽ അറിയിച്ചു. കൂടാതെ ഇവിടെയെത്തുന്നവർക്ക് അൽപസമയം വിശ്രമിക്കാനോ ഇരിക്കാനോ സൗകര്യമില്ലാത്ത അവസ്ഥയാണ്. വിറക് ഇല്ലാത്തതടക്കമുള്ള വിഷയങ്ങളിൽ മിക്കപ്പോഴും ഇവിടെയുള്ള ജീവനക്കാരും മരിച്ചവരുടെ ബന്ധുക്കളും തമ്മിൽ തർക്കങ്ങൾക്ക് കാരണമാകുന്നതായും രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ഇത്തരം വിഷയങ്ങളെല്ലാം സബ്കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മേയർ ചൂണ്ടിക്കാട്ടി. വിറക് ഇറക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരിൽനിന്നുണ്ടായത്. നിലവുള്ള കരാറുകാരെ ഒഴിവാക്കി റീ ടെൻഡർ വിളിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയതായും മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.