ഉപയോഗിക്കാത്ത വെള്ളത്തിന് കരം കോർപറേഷന് നഷ്ടം ഒന്നരക്കോടി
text_fieldsകണ്ണൂർ: ഉപയോഗിക്കാത്ത കുടിവെള്ളത്തിന് കരമടക്കുന്നതിലൂടെ കോർപറേഷന് പ്രതിവർഷം ഒന്നരക്കോടിയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിമർശനം. കോർപറേഷന്‍റെ അമൃത് പദ്ധതിയിലൂടെ സൗജന്യ കുടിവെള്ള ടാപ്പുകൾ പോകുന്ന മേഖലയിൽ ജല അതോറിറ്റിയുടെ അനാവശ്യമായ പൊതുടാപ്പുകൾ നിരവധിയാണ്. ഈ ടാപ്പുകളിലൂടെയുള്ള വെള്ളം പലരും വാഹനം കഴുകാനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നതെന്ന് മേയർ ടി.ഒ. മോഹനൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഉപയോഗിക്കാത്ത വെള്ളത്തിന് കരമായി കോർപറേഷൻ പ്രതിവർഷം ഒന്നര കോടിയാണ് ജല അതോറിറ്റിക്ക് അടക്കുന്നതെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. രാഗേഷ് അറിയി ച്ചു. ഇത് നിരവധി തവണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയതാണ്. എൻജിനീയർമാരുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ് കോർപറേഷന് ഭീമമായ നഷ്ടം വരാൻ കാരണം. ഇതിന് അടിയന്തരമായി നടപടി സ്വീകരിക്കണം. പൊതുടാപ്പുകളുടെ കൃത്യത ഉറപ്പുവരുത്താൻ ജലതോറിറ്റിയുമായി പരിശോധന നടത്താൻ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ജല അതോറിറ്റി അധികൃതർ ഒരു മറുപടിയും അറിയിച്ചിട്ടില്ല.
1166 പൊതുടാപ്പുകളാണ് കോർപറേഷൻ പരിധിയിലുള്ളതെന്നും ഇതിൽ അനാവശ്യമായത് ഒഴിവാക്കാൻ അതത് കൗൺസിലർ നടപടിയെടുക്കണമെന്നും മേയർ അറിയിച്ചു. ഓരോ ഡിവിഷനിലും ഒഴിവാക്കേണ്ട ടാപ്പുകളുടെ കണക്കുകൾ ആഗസ്റ്റ് 20നുമുമ്പ് കോർപറേഷനിലെത്തിക്കണം. കണക്കുകൾ എത്തിക്കാത്ത ഡിവിഷനുകളിലെ മുഴുവൻ ടാപ്പുകളിലെയും വെള്ള കണക്ഷൻ റദ്ദു ചെയ്യുമെന്നും മേയർ അറിയിച്ചു. 117 കോടി ഉപയോഗിച്ചാണ് ഒന്നാംഘട്ട അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ സൗജന്യ കുടിവെള്ള കണക്ഷൻ വീടുകളിൽ നൽകിയത്. 70 കോടി വിനിയോഗിച്ച് രണ്ടാം ഘട്ട അമൃത് പദ്ധതി ഉടൻ തുടങ്ങും. ഇതിനകം ജല അതോറിറ്റിയുടെ അനാവശ്യ ടാപ്പുകൾ ഒഴിവാക്കാൻ കൗൺസിലർമാർ മുൻകൈയെടുക്കണമെന്നും മേയർ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.