കൂണുപോലെ മുളച്ച് തെരുവ് വ്യാപാരം; നടപടിയുമായി കോർപറേഷൻ
text_fieldsകണ്ണൂര്‍: കൂണുപോലെ മുളച്ച് കോര്പറേഷന് പരിധിയിൽ അനധികൃത തെരുവോര കച്ചവടം. ലൈസൻസോ അനുമതിയോ ഇല്ലാതെയുള്ള തെരുവോര കച്ചവടവും തട്ടുകടകളും നിർബാധം തുടരുകയാണ്. ഇതിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് കോർപറേഷൻ. ഇത്തരത്തിലുള്ള നഗരത്തിലെ അനധികൃത തെരുവുകച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ദാമോദരന്‍ പറഞ്ഞു. മുമ്പ് നിരവധി തവണ ഒഴിപ്പിക്കലടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിഴയടച്ച് വീണ്ടും കച്ചവടം പുനരാരംഭിക്കുകയാണ് പതിവ്. ഇതുമൂലം കോര്പറേഷന് നികുതിയിനത്തില്‍ ചില്ലിക്കാശ് ലഭിക്കാത്ത സ്ഥിതിയാണ്. അതിനാൽ ശക്തമായ തുടർനടപടി സ്വീകരിക്കുമെന്നും
ലൈസൻസ് ഇല്ലാത്ത തെരുവുകച്ചവടം അനുവദിക്കില്ലെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു. തെരുവു വ്യാപാരങ്ങളില്‍ 80 ശതമാനവും ലൈസൻസില്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള രാത്രികാല അനധികൃത തട്ടുകടകളും നഗരത്തില്‍ സജീവമാണ്. പത്തിൽ താഴെ ബങ്കുകൾക്ക് മാത്രമാണ് കോർപറേഷെൻറ കണക്കിൽ ടൗണിൽ ലൈസൻസുള്ളത്. എന്നാൽ, കണ്ണൂർ നഗരത്തിൽമാത്രം 80തിൽ പരം ബങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഒഴിപ്പിച്ചാല്‍ പിഴയൊടുക്കുക, വീണ്ടും കച്ചവടം തുടരുകയെന്ന രീതിക്ക് കടിഞ്ഞാണിടുകയെ ന്നതാണ് കോർപറേഷെൻറ പുതിയ തീരുമാനം.
അനധികൃത തെരുവുകച്ചവട സ്ഥാപനങ്ങള്‍ മേല്‍ വാടകക്ക് മറിച്ചു വില്‍ക്കുന്ന സംഘങ്ങളും നഗരത്തിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. നഗരത്തിെൻറ പ്രധാന ഭാഗങ്ങളിലാണ് മിക്ക അനധികൃത കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
അവധി ദിവസങ്ങളിലെ കച്ചവടത്തിലൂടെയടക്കം വലിയ ലാഭമാണ് ഇത്തരക്കാർ കൊയ്യുന്നത്. റോഡ് കൈയേറിയും മറ്റുമുള്ള തെരുവു കച്ചവടം ഗതാഗതത്തിനും കാൽനടക്കാർക്കടക്കം ദുരിതം വിതക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നൂറുക്കണക്കിന് പേരാണ് നഗരത്തില്‍ അനധികൃത തെരുവുകച്ചവടം നടത്തുന്നത്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് റോഡിലെ വഴിയോര വസ്ത്ര കച്ചവടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.