Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'കുഞ്ഞേ, വയറുകീറി...

'കുഞ്ഞേ, വയറുകീറി എടുത്തത് രക്ഷിക്കാനായിരുന്നു; വിധി നിന്നെ അനാഥയാക്കി..' ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ച്​ സന്നദ്ധ പ്രവർത്തകൻ

text_fields
bookmark_border
കുഞ്ഞേ, വയറുകീറി എടുത്തത് രക്ഷിക്കാനായിരുന്നു; വിധി നിന്നെ അനാഥയാക്കി.. ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ച്​  സന്നദ്ധ പ്രവർത്തകൻ
cancel

കണ്ണൂർ: കോവിഡിന്‍റെ പിടിയിലകപ്പെട്ടവരുടെ ഹൃദയഭേദകമായ നിരവധി അനുഭവങ്ങളാണ്​ ദിവസവും നാം കേൾക്കുന്നത്​. രോഗ തീവ്രതയുടെയും മരണത്തിന്‍റെയും അനാഥത്വത്തിന്‍റെയും കുടുംബാംഗങ്ങൾ തിരിഞ്ഞുനോക്കാത്തതിന്‍റെയും കരളലിയിക്കുന്ന വാർത്തകൾ.

അത്തരമൊരു കണ്ണീരനുഭവവും നന്മമനസ്സുകളുടെ സഹായഹസ്​തവും പങ്കുവെക്കുകയാണ്​ സന്നദ്ധ പ്രവർത്തകനായ കണ്ണൂർ ചേലേരി സ്വദേശി മുഹമ്മദ്​. പ്രണയവിവാഹത്തിന്‍റെ പേരിൽ ബന്ധുക്കളുമായി അകന്ന യുവ ദമ്പതികൾക്ക്​ കോവിഡ്​ ബാധിച്ചു. എട്ടുമാസം ഗർഭിണിയായിരുന്നു യു​വതി. ആരോഗ്യ സ്​ഥിതി മോശമായതോടെ ശസ്​ത്രക്രിയയിലൂടെ പ്രസവിച്ചു. ജന്മം നൽകിയ കുഞ്ഞിനെ കാണാനാവാതെ എട്ടാം നാൾ അവൾ മരിച്ചു. എന്നിട്ടും അവളുടെ മൃതദേഹം കുടുംബം തിരിഞ്ഞുനോക്കുകപോലും ചെയ്​തില്ല. ജന്മനാ അനാഥയായ ആ ​നവജാത ശിശുവിനെ കണ്ണീരോടെ ഏറ്റുവാങ്ങിയത്​ സന്നദ്ധ പ്രവർത്തകർ... അകാലത്തിൽ ഭാര്യയുടെ മരണം താങ്ങാനാവാതെ തളർന്ന്​, കൈക്കുഞ്ഞിനെയുംകൊണ്ട്​ എന്തുചെയ്യണമെന്നറിയാതെ ഭർത്താവ്​... ഉള്ളുലക്കുന്നതാണ്​ മുഹമ്മദ്​ എഴുതിയ ആ അനുഭവക്കുറിപ്പ്.

കണ്ണൂർ ജില്ലയിലെ കൊളച്ചേരി നൂഞ്ഞേരിയിൽ വാടകക്വാ​േട്ടഴ്​സി​ൽ താമസിച്ച കണ്ണൂർ തിമിരി സ്വദേശിയായ അനുഷ ദാമോദർ (25) എന്ന യുവതിയാണ്​ തിങ്കളാഴ്ച മരിച്ചത്​. ഭർത്താവ്​ സുമേഷ്​ പാലക്കാട് സ്വദേശിയാണ്​. മൂന്ന് മാസമേ ആയുള്ളൂ നൂഞ്ഞേരിയിൽ താമസം തുടങ്ങിയിട്ട്. ഒരേ സമുദായക്കാരാണെങ്കിലും വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം കഴിച്ചതിനാൽ​ കുടുംബക്കാരാരും ഒരു വിധത്തിലുള്ള ബന്ധവും ഇവരോട് പുലർത്തിയിരുന്നില്ല.

ഏതാനും ദിവസം മുമ്പാണ്​ രണ്ടു പേർക്കും കോവിഡ് പോസിറ്റീവാകുന്നത്. യുവതിക്ക്​ ശ്വാസതടസ്സമായതിനാൽ കണ്ണൂർ ഗവ. ആശുപത്രിയിലും തുടർന്ന്​ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭർത്താവ്​ വീട്ടിൽ ക്വാറന്‍റീനിലും. അനുഷയുടെ സ്​ഥിതി മോശമായതോടെ സിസേറിയനിലൂടെ ഗർഭസ്​ഥ ശിശുവിനെ പുറത്തെടുത്തു. ഏതാനും ദിവസത്തിന്​ ശേഷം കുഞ്ഞിനെ ഒരുനോക്ക്​പോലും കാണാനാവാതെ അനുഷ മരിച്ചു. ശവസംസ്​കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്‍റ്​ കൂടിയായ മുഹമ്മദിന്‍റെ നേതൃത്വത്തിലാണ്​ നടത്തിയത്​.

സഹായത്തിന്​ യുവതിയുടെ വീട്ടുകാരെ വിളിച്ചെങ്കിലും 'ഞങ്ങൾക്ക്​ അവളെ വേണ്ടെന്ന്'​ കുടുംബം തീർത്തുപറഞ്ഞു. കണ്ണൂരിലെ സ്വകാര്യ സ്​ഥാപനത്തിൽ ജീവനക്കാരനാണ്​ സുമേഷ്​. അനുഷയും നഗരത്തിൽ ഒരു സ്​ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. അനുഷയുടെ മരണത്തോടെ സുമേഷിന്​ ജീവിതം ചോദ്യചിഹ്നമായിരിക്കുകയാണ്​. കുഞ്ഞിന്‍റെ കാര്യത്തിലും സങ്കീർണതകൾ ബാക്കിയാണ്​​. തൽക്കാലം ഒരു സ്​ത്രീയെ നോക്കാൻ ഏൽപ്പിച്ചിട്ടുണ്ട്​. പിഞ്ചുകുഞ്ഞുങ്ങളെ പരിചരിക്കുന്ന ഏതെങ്കിലും അനാഥാലയത്തിന്‍റെ സഹായം തേടുന്നതിനെ കുറിച്ചും​ ആലോചിക്കുന്നുണ്ട്​.

മുഹമ്മദ്​ ചേലേരിയുടേ കുറിപ്പ് പൂർണരൂപം​:

കഴിഞ്ഞവർഷം കോവിഡിന്‍റെ തുടക്കത്തിൽ, എല്ലാവരും ഭയന്ന് നിൽക്കുന്ന സമയത്ത് കോവിഡ്​ രോഗികളെ സംസ്കരിക്കാൻ പയ്യാമ്പലത്ത് പോയതും അനുഭവിച്ചതുമായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെച്ചിരുന്നു. ഇത്തവണ നെഞ്ചുലക്കുന്ന മറ്റൊരു അനുഭവമാണുള്ളത്​.

അഞ്ചുദിവസം മുൻപ്​ കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി വാർഡിലെ ക്വാട്ടേസ് ഉടമ പറഞ്ഞതനുസരിച്ചായിരുന്നു അവിടേക്ക്പോയത്. സുമേഷിന്‍റെ കുടുംബം മൂന്ന് മാസമേ ആയുള്ളൂ അവിടെ വാടകയ്ക്ക് താമസംതുടങ്ങിയിട്ട്. ജീവിതത്തിലെ ഏതോ സാഹചര്യത്തിൽ പരിചയപ്പെടുകയും ഇരുവീട്ടുകാരുടെയും എതിർപ്പുകൾ വകവെക്കാതെ വിവാഹിതരാവുകയും ചെയ്​ത പാലക്കാടുകാരനായ സുമേഷും കണ്ണൂർ തിമിരി സ്വദേശിയായ അനുഷയും. ഒരേ മതക്കാരാണെങ്കിലും കുടുംബക്കാരാരും തന്നെ ഒരു വിധത്തിലുള്ള ബന്ധവും ഇവരോട് പുലർത്തിയിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട നിലയിലാണ് ഇവർ രണ്ടു പേർക്കും കോവിഡ് പോസിറ്റീവാകുന്നത്.

അനുഷ 8 മാസം ഗർഭിണിയുമാണ്. ഒരു ദിവസംരാത്രി ശ്വാസ തടസ്സം അനുഭവപ്പെടുകയും ആശ വർക്കറുമായി ബന്ധപ്പെട്ട് ആംബുലൻസിൽ കണ്ണൂർ ഗവ: ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും ചെയ്തു. സ്ഥിതി മോശമാകാൻ തുടങ്ങിയതിനാൽ 2 ദിവസത്തിനു ശേഷം അവിടെ നിന്നും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉടൻ തന്നെ സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കേണ്ടതുണ്ടെന്നും അല്ലേൽ അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന് ഭീഷണിയാകുമെന്നും ഡോക്ടർമാർ അറിയിച്ചു. തുർന്ന്​ ശസ്​ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.. പെൺ കുഞ്ഞ്...

കുഞ്ഞ് എൻ.ഐ.സിയുവിലും അമ്മ ഐ.സിയുവിലും അച്ചൻ വീട്ടിൽ ക്വാറന്‍റീനിലും. കാര്യങ്ങൾ ദയനീയം...


ഉടൻ വെൽഫെയർ പാർട്ടിയിലെ എന്‍റെ സഹപ്രവർത്തകരെ വിവരമറിയിച്ചു. വനിതാപ്രവർത്തകരടക്കം എല്ലാവരും കൂടെയുണ്ടാകുമെന്ന് ഉറപ്പുതന്നു. ജമാഅത്തെ ഇസ്​ലാമി ചേലേരി ഘടകം പ്രസിഡന്‍റ്​ ജബ്ബാർമാസ്റ്ററും സഹായവുമായെത്തി.

പിറ്റെ ദിവസം യുവാവിന്‍റെ ക്വാറന്റെൻ അവസാനിക്കുകയും രാവിലെതന്നെ ഹോസ്പിറ്റൽ ചെന്ന്​ പുറത്ത് നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് തിരിച്ചു വന്നു. കോവിഡ്​ സാഹചര്യത്തിൽ അകത്ത് കടക്കാൻ അനുമതി ഇല്ലായിരുന്നു. അന്ന് വൈകീട്ട്​ ഡോക്ടറെ വിളിച്ച് അനുമതി വാങ്ങി പി.പി.ഇ കിറ്റ്ധരിച്ച് അകത്ത് കടന്ന് ആദ്യമായി കുഞ്ഞിനെകണ്ടു. പിന്നെ അമ്മയെയും. വെന്‍റിലേറ്ററിലായ ഭാര്യയോടൊപ്പം അൽപ നേരം ചിലവഴിച്ച് പുറത്തു വന്നു. നീണ്ട ദിവസങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച. പിറ്റെ ദിവസം ഡോക്ടറുടെ വിളിവന്നു, ഭാര്യയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റിയിരിക്കുന്നു. നേരിയൊരു ആശ്വാസം...

കുട്ടിയെ വാർഡിലേക്ക് മാറ്റണം, കൂടെ നിൽക്കാൻ ഒരു സ്ത്രീയെവേണം എന്നു പറഞ്ഞായിരുന്നു ഡോക്ടറുടെ അടുത്തവിളി. അന്വേഷണത്തിനിടയിൽ ഒരുസ്ത്രീ മുന്നോട്ടുവന്നു. അവരെ ഹോസ്പിറ്റലിലെത്തിച്ച് കോവിഡ്​ ടെസ്റ്റ് നടത്തി അകത്ത് കടത്തി. കുട്ടിയെ വാർഡിലേക്ക് മാറ്റി.

2 ദിവസത്തിനു ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യണമെന്ന് അറിയിച്ചു. ഒരു പാർട്ടി പ്രവർത്തക വീട്ടിൽ വെച്ച് പരിപാലിക്കാമെന്നേറ്റു. കുട്ടിയെ ഡിസ്ചാർജ് ചെയ്യണമെങ്കിൽ ബില്ലടക്കണം. കണ്ണൂരിലെ യൂനിറ്റി സെന്‍റർ ബില്ലടക്കാനുള്ള സഹായങ്ങൾ ചെയ്തു തന്നു. ടീം വെൽഫെയർ പ്രവർത്തകർ വീട് അണുനശീകരണം നടത്തി. രണ്ടുപ്രവർത്തകർ കാറുമായി ചെന്ന് കുട്ടിയെ വീട്ടിലെത്തിച്ചു. പിറ്റെ ദിവസം ഭാര്യയെ കാണാൻ ഐ.സി.യുവിലുള്ള സമയത്താണ് സുമേഷിനെ ഞാൻ വിളിച്ചത്. കാര്യം കുറച്ച് സങ്കീർണമാണെന്ന്​ പറഞ്ഞ്​ ചെറിയ വിതുമ്പലോടെ ഫോൺ കട്ടായി... വീണ്ടും വിളിച്ച് സമാധാനിപ്പിച്ച് വേഗം നാട്ടിലേക്ക് വരാൻ പറഞ്ഞു. നാട്ടിലെത്തിയ ഉടൻ അവനെ പോയി കണ്ടു കാര്യങൾ അന്വോഷിച്ചു. വീണ്ടും വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു. അവളുടെ ചുറ്റും രോഗികൾ മരിച്ചു കൊണ്ടിരിക്കുന്നു, ചിലർ മരണ വെപ്രാളത്തിൽ നിലവിളിക്കുന്നു... എങ്ങിനെയെങ്കിലും ഇവിടെനിന്ന് ഒന്നു മാറ്റിത്തരുമോ എന്നായിരുന്നു അവളുടെ അപേക്ഷ... നിലവിൽ ഏത് ഹോസ്പിറ്റലിലേക്കും മാറ്റൽ എളുപ്പമല്ല എന്നറിഞ്ഞുകൊണ്ടു തന്നെ. പരിചയമുള്ള എല്ലാ ബന്ധങ്ങളും ഉപയോഗിച്ച്​ ഞങ്ങൾ ശ്രമം തുടരവേ തിങ്കളാഴ്ച രാവിലെ 11 മണിക്ക് അവന്‍റെ വിളി വന്നു: ''ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു, സ്ഥിതി മോശമാണ്.. അറിയിക്കാൻ പറ്റുന്നവരെ അറിയിച്ചോളൂ..''



പെൺകുട്ടിയുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇവരുടെ ഒരുവിഷയവുമായി ഇങ്ങോട്ട് വിളിക്കരുത് എന്നാണ് മറുപടി... ചിലപ്പോൾ അത്രക്ക് കുടുംബക്കാരെ വേദനിപ്പിച്ചിട്ടുണ്ടാകാം.. അതിൻെറ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിന്നില്ല. അതിനു പറ്റിയ സമയമല്ലതാനും.. എങ്കിലും, അവസാന നോക്കുകാണാനെങ്കിലും വരുമെന്ന്​ കരുതി ഒന്നുകൂടി വിളിച്ചു. പക്ഷേ, നിലപാടിൽ മാറ്റമില്ല. അതിനിടെ അവൾ എന്നെന്നേക്കുമായി കണ്ണടച്ചിരുന്നു. സുമേഷിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ മനസ്സ്​ നീറി... അതിനേക്കാളേറെ, ജന്മനാ ആരോരുമില്ലാതായ കുഞ്ഞിനെ ഓർത്തായിരുന്നു ഉള്ളം പിടഞ്ഞത്​.

ഞങ്ങൾ ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും പുതിയങ്ങാടി മിനാർ ഹെൽപ്​ ഡെസ്​കിന്‍റെ ആംബുലൻസുമായി ടീം വെൽഫെയർ പ്രവർത്തകൻ അബ്ദുൽ ഖനി അവിടെ എത്തിയിരുന്നു. മൃതദേഹം ഞങ്ങൾ ഏറ്റുവാങ്ങി. വൈകീട്ട്​ നാലു മണിക്കു തന്നെ പയ്യാമ്പലം ശ്​മശാനത്തിൽ ആചാരപ്രകാരം ദഹിപ്പിച്ചു. തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടി. രാത്രി വൈകിയും കുഞ്ഞിന്‍റെ കാര്യമായിരുന്നു മനസ്സുനിറയെ. ഇനിയും സങ്കീർണതകൾ ബാക്കി. എന്തേലും വഴി തെളിഞ്ഞ് വരാതിരിക്കില്ല...

ആദ്യാവസാനംവരെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. സഹപ്രവർത്തകർ, ആശാവർക്കർ, കൊളച്ചേരി പി.എച്ച്​.സി നഴ്സുമാർ, ഹെൽത്ത്​ ഇൻസ്​പെക്​ടർ, വാർഡ് മെമ്പർ, വില്ലേജ് ഓഫിസർ, ജമാഅത്തെ ഇസ്​ലാമി ചേലേരി ഘടകം, അയൽവാസികൾ, മിനാർ ആംബുലൻസ്, മെഡിക്കൽ കോളജിലെ ഡോക്ടേർസ്, നഴ്സുമാർ, കണ്ണൂർ യൂനിറ്റി സെന്‍റർ, ടീം വെൽഫെയർ വളന്‍റിയർമാർ, ശ്​മശാനത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയ എല്ലാവരോടും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deliveryCovid deathCovid 19
News Summary - Covid-19 patient dies after delivery
Next Story