കോവിഡ് പ്രതിസന്ധി: ആളെ 'പിടിക്കാൻ' ഒാൺലൈൻ ബുക്കിങ്ങുമായി ടൂറിസം വകുപ്പ്
text_fieldsകണ്ണൂർ: കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയിൽ സഞ്ചാരികളെ ആകർഷിക്കാൻ ഒാൺലൈൻ ബുക്കിങ് സംവിധാനം. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിലാണ് ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ ബുക്കിങ് സംവിധാനം തുടങ്ങിയിരിക്കുന്നത്.
ലോക്ഡൗൺ അൺലോക്കിെൻറ ഭാഗമായി വിേനാദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കാൻ തുടങ്ങിയെങ്കിലും മിക്കയിടങ്ങളിലും സഞ്ചാരികളുടെ ഒഴുക്കില്ലാത്ത സ്ഥിതിയാണ്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കണ്ണൂർ സെൻറ് ആഞ്ചലോസ് കോട്ട, തലശ്ശേരി കോട്ട, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ആറളം ഫാം വന്യജീവി സേങ്കതം, പാലക്കയംതട്ട്, വൈതൽമല, കാഞ്ഞിരക്കൊല്ലി, വാഴമല തുടങ്ങിയ കേന്ദ്രങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ പോലും നാമമാത്രമായ സഞ്ചാരികൾ മാത്രമാണെത്തുന്നത്.
കണ്ണൂർ ടൗണിന് സമീപത്തായതിനാൽ പയ്യാമ്പലം ബീച്ചിൽ മാത്രമാണ് കാഴ്ചക്കാരുടെ ഒഴുക്ക് അനുഭവപ്പെടുന്നത്. അതും ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ മാത്രം. ഇതിനെ തുടർന്നാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം തുടങ്ങിയത്. കൂടാതെ തുറന്നിട്ട കേന്ദ്രങ്ങളിൽ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നിലവില്‍ ഒരു മണിക്കൂറാണ് ഓരോ കേന്ദ്രത്തിലും സഞ്ചാരികൾക്ക് ചെലവഴിക്കാന്‍ നിശ്ചയിച്ച സമയപരിധി. വരുമാന വർധനവും തിരക്ക് ഒഴിവാക്കാനുമാണ് ഒാൺലൈൻ സംവിധാനം ആരംഭിച്ചതെന്നാണ് ഡി.ടി.പി.സി അധികൃതരുടെ വിശദീകരണം.
dtpckannur.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് സഞ്ചാരികൾ ബുക്ക് ചെയ്യേണ്ടത്. സൈറ്റിൽ ഓരോ കേന്ദ്രങ്ങളിലും ഒരു മണിക്കൂറില്‍ പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ പരമാവധി എണ്ണം ഓരോ ടൈം സ്ലോട്ടിലും കാണാം. ബുക്ക് ചെയ്താല്‍ ബുക്കിങ് നമ്പര്‍ സഹിതം എസ്.എം.എസ് ലഭിക്കും. പ്രവേശന ടിക്കറ്റിനുള്ള പണം നേരിട്ട് അതത് കേന്ദ്രങ്ങളില്‍ അടക്കണം. തിരക്ക് കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും കേന്ദ്രങ്ങളിൽ പ്രവേശനത്തിന് മുന്‍ഗണന. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.
ശനി, ഞായര്‍, മറ്റ് പൊതു അവധി ദിനങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ അനുവദിക്കപ്പെട്ടതിലും അധികം സന്ദര്‍ശകര്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അന്നേ ദിവസങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്നും പ്രവേശനം ലഭിക്കാതെ മടങ്ങിപ്പോകുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.