കോവിഡ് ചട്ടങ്ങൾക്ക് പുല്ലുവില; വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsശ്രീകണ്ഠപുരം: കോവിഡ് ചട്ടങ്ങൾ മറികടന്ന് മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ഡി വിഭാഗത്തിൽപെട്ട അതിതീവ്ര വ്യാപന സാധ്യതയുള്ള പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നിരവധിയാളുകൾ എത്തുന്നത്. കൂടുതലും യുവാക്കളാണ് സംഘം ചേർന്ന് ഇവിടങ്ങളിലേക്ക് എത്തുന്നത്.
മഴ ശക്തിപ്പെട്ട് മലമടക്കുകളിലെ തോടുകളിൽ നീരൊഴുക്ക് കൂടിയതോടെ വെള്ളച്ചാട്ടങ്ങളുള്ള സ്ഥലങ്ങളിലാണ് ചെറുപ്പക്കാർ എത്തുന്നത്. അപകടസാധ്യതപോലും ഇവർ വകവെക്കുന്നില്ലെന്ന് സമീപവാസികൾ പറയുന്നു.വിജനമായ സ്ഥലങ്ങളായതിനാലും വെള്ളച്ചാട്ടത്തിെൻറ ശബ്ദമുള്ളതിനാലും അപകടം സംഭവിച്ചാൽ കരഞ്ഞാൽപോലും ആരും കേൾക്കില്ല. വൈതൽമല ഏഴരക്കുണ്ടിൽ ഒരുവർഷം മുമ്പുണ്ടായ അപകടം ഇങ്ങനെ നടന്നതാണ്.
അപരിചിത സ്ഥലങ്ങളിൽനിന്ന് ആദ്യമായെത്തുന്നവർ സാഹസികമായി പാറക്കെട്ടിലും വെള്ളത്തിലുമിറങ്ങി കുളിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നത് പതിവാണ്. തളിപ്പറമ്പ്, കണ്ണൂർ ഭാഗത്തുനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. വഴുക്കലുള്ള പാറക്കെട്ടുകളിൽ കയറി വീണ് നിരവധി പേർക്ക് സാരമായി പരിക്കേൽക്കാറുമുണ്ട്.
ഏറെ വൈകിയും ചിലർ ഇവിടെത്തന്നെ തമ്പടിക്കുന്ന സ്ഥിതിയുണ്ട്. നടുവിൽ മേഖലയിലെ മുന്നൂർ കൊച്ചി, വൈതൽക്കുണ്ട്, വായിക്കമ്പ, ചീക്കാട്, കൂളിക്കുണ്ട്, ജാനകിപ്പാറ, പന്ത്രണ്ടാം ചാൽ തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലാണ് കൂടുതലാളുകൾ എത്തുന്നത്. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ പ്രവേശനം കർശനമായി തടഞ്ഞിട്ടുള്ളതിനാൽ ഇതിനു സമീപ സ്ഥലങ്ങളിലെത്തി സാഹസികമായി സഞ്ചരിക്കുന്നവരും നിരവധിയുണ്ട്. ശക്തമായ ഒഴുക്കുള്ള തോടുകളിൽ വഴുക്കലുള്ള കിഴക്കാംതൂക്കായ പാറകളുണ്ട്.
തണുപ്പ് കൂടുതലുള്ള ഇവിടങ്ങളിൽ രാജവെമ്പാലയടക്കമുള്ള പാമ്പുകളും മറ്റുമുണ്ട്. സ്ഥലപരിചയമില്ലാത്തവർ കൂട്ടമായി ഇവിടെയെത്തുന്നതും അശ്രദ്ധമായി നടക്കുന്നതും അപകടത്തിന് വഴിയൊരുക്കുന്നു.
പാലക്കയം, വൈതൽമല, കുട്ടിപ്പുല്ല് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബ സമേതം വാഹനങ്ങളിൽ എത്തുന്നവരും കൂടി വരുകയാണ്. ഡി.ടി.പി.സിയുടെ കേന്ദ്രങ്ങളിൽ ആളുകളെ കയറ്റുന്നില്ലെങ്കിലും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ സമീപ സ്ഥലങ്ങളിൽ സഞ്ചരിച്ച് കാഴ്ച ആസ്വദിക്കുകയാണ്. ഇത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്കയും ഉയർത്തുന്നു. നവമാധ്യമ സ്വാധീനമാണ് സാഹസിക സഞ്ചാരം നടത്താൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ലഹരി വസ്തുക്കൾ ഉപയോഗിച്ചാണ് പലരും എത്തുന്നതെന്ന സൂചനയുള്ളതിനാൽ എക്സൈസ്, പൊലീസ് നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങൾ ലഹരി, മയക്കുമരുന്ന് വിൽപനക്കാരുടെയും താവളമായി മാറിയിട്ടുണ്ട്.
വ്യാജ ചാരായവാറ്റും വിൽപനയും വനാന്തരങ്ങളിൽ തകൃതിയാണ്. വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ചാണ് ഇത് നടക്കുന്നത്. മാരക ലഹരി ഗുളികകളടക്കം കോവിഡ് കാലത്തും വിനോദ സഞ്ചാരികളായ ചെറുപ്പക്കാരെതേടിയെത്തുന്നുണ്ട്. സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകുംവരെ തുടർന്നും പരിശോധനകൾ കർശനമാക്കാൻ കുടിയാന്മല പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.