കോവിഡ് ചികിത്സ; ഗവ. ആയുർവേദ കോളജ് ഏറ്റെടുത്ത നടപടി പിൻവലിച്ചു
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജ് കോവിഡ് രോഗികളുടെ ചികിത്സക്കുവേണ്ടി ഏറ്റെടുത്ത നടപടി സർക്കാർ പിൻവലിച്ചു. ദുരന്തനിവാരണ വിഭാഗത്തിെൻറ ചുമതലയുള്ള കണ്ണൂർ ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞവർഷം മേയിലാണ് ആയുർവേദ കോളജിലെ പേ വാർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ഏറ്റെടുത്തത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ സംവിധാനങ്ങൾക്ക് പുറമെയാണ് ആയുർവേദ കോളജിലെ വാർഡുകളും ഏറ്റെടുത്ത് ഉത്തരവായത്.
പേ വാർഡിൽ നിരവധി കോവിഡ് രോഗികളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രവർത്തകർക്കാണ് കൂടുതലായും ഇവിടെ ചികിത്സനൽകിയത്. ജില്ലയിൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് വാർഡുകൾ തിരിച്ചുനൽകി കലക്ടർ ഉത്തരവായത്. 42 രോഗികളെ പ്രവേശിപ്പിക്കാനാണ് പേ വാർഡുകളിൽ സൗകര്യമുള്ളത്. 150 രോഗികൾക്കുള്ള സൗകര്യം ജനറൽ വാർഡുകളിലുമുണ്ട്. കോവിഡ് കേന്ദ്രമായതോടെ ആയുർവേദ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം ഏറെ പരിമിതപ്പെട്ടിരുന്നു. കിടത്തിച്ചികിത്സ പൂർണമായും ഇല്ലാതായി. ഡിസംബർ മുതലാണ് ജനറൽ വാർഡുകളിൽ പ്രവേശനം പുനരാരംഭിച്ചത്. ഇപ്പോൾ 68ഓളം രോഗികളാണ് ജനറൽ വാർഡുകളിൽ ഉള്ളത്. ബുധനാഴ്ച മാത്രമാണ് ഐ.പിയുള്ളത്. ഒരാഴ്ച നിരീക്ഷണത്തിന് ശേഷമാണ് രോഗികൾക്ക് വാർഡിൽ പ്രവേശനം നൽകുന്നത്.
ജനറൽ വാർഡിൽ 150 രോഗികൾക്കുള്ള സൗകര്യം ഉണ്ടെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പകുതി പേരെ മാത്രമേ പരിഗണിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, ഈ മാസം അവസാനത്തോടെ മാത്രമെ പേ വാർഡുകളിൽ രോഗികളെ പ്രവേശിപ്പിക്കാനാവൂ. കോവിഡ് രോഗികൾക്കായി വാർഡുകളിൽ ഒരുക്കിയ വെൻറിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ മാറ്റി പൂർണമായും അണുമുക്തമാക്കിയ ശേഷമായിരിക്കും രോഗികൾക്ക് പ്രവേശനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.