കോവിഡ് വാക്സിനേഷൻ ക്യാമ്പ് ബോക്സിങ് റിങ്ങാക്കി മാറ്റി; മേയറുടെ നേതൃത്വത്തിൽ പ്രതിഷേധം
text_fieldsകണ്ണൂർ: അനുദിനം കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ കണ്ണൂർ ജൂബിലി ഹാളിൽ നടത്തിവന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവെച്ചു. തിങ്കളാഴ്ച രാവിലെ നിരവധി പേർ വാക്സിനേഷനായി എത്തിയപ്പോഴാണ് ക്യാമ്പ് നിർത്തിവെച്ചത് അറിഞ്ഞത്. കണ്ണൂർ കോർപറേഷെൻറ അധീനതയിലുള്ള ജൂബിലി ഹാളിൽ കോർപറേഷൻ അറിയാതെയാണ് ക്യാമ്പ് നിർത്തിവെച്ചത്. ക്യാമ്പ് നിർത്തലാക്കിയ ഹാളിൽ ബോക്സിങ് റിങ് സ്ഥാപിച്ച നിലയിലാണ്. ഇതിനെതിരെ കോർപറേഷൻ മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാർ ജൂബിലി ഹാളിലെത്തി പ്രതിഷേധിച്ചു. ഒടുവിൽ മേയർ അഡ്വ.ടി.ഒ. മോഹനെൻറ നേതൃത്വത്തിൽ ഹാളിന് പ്രത്യേക പൂട്ടിട്ട് പൂട്ടി.
കോർപറേഷെൻറ ആവശ്യപ്രകാരമാണ് ആരോഗ്യ വകുപ്പ് ജൂബിലി ഹാളിൽ ആഴ്ചകൾക്ക് മുമ്പ് മെഗാ വാക്സിൻ ക്യാമ്പ് തുടങ്ങിയത്. പ്രതിദിനം 200നും 300നും ഇടയിൽ ആളുകളാണ് ഇവിടെയെത്തി വാക്സിനെടുക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. നിലവിൽ കോർപറേഷെൻറ കീഴിലാണ് മുനിസിപ്പൽ ഹൈസ്കൂളും ജൂബിലി ഹാളും. മുനിസിപ്പൽ സ്കൂൾ സ്പോർട്സ് സ്കൂൾ ആക്കി മാറ്റാൻ സർക്കാർ നേരേത്ത തീരുമാനിച്ചിരുന്നു.
എന്നാൽ ഇത് കോർപറേഷൻ അംഗീകരിച്ചിരുന്നില്ല. ശക്തമായ പ്രതിഷേധമാണ് കോർപറേഷെൻറ ഭാഗത്തുനിന്ന് സർക്കാർ നീക്കത്തിനെതിരെ ഉയർന്നത്. സ്പോർട്സ് സ്കൂൾ ആക്കി മാറ്റുന്നതോടെ സാധാരണ കായികതാരങ്ങളായ കുട്ടികൾക്ക് അല്ലാതെ ഇവിടെ പഠിക്കാൻ കഴിയില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോർപറേഷൻ പ്രതിഷേധം. ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കണ്ണൂർ നഗരസഭയാണ് 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജൂബിലി ഹാൾ നവീകരിച്ച് ഇന്നത്തെ നിലയിലാക്കിയത്. ടൗൺഹാൾ പൊളിച്ചുമാറ്റിയ സാഹചര്യത്തിൽ ചെറിയ പരിപാടികൾക്ക് ഉപയോഗിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഉപയോഗശൂന്യമായ നിലയിലുണ്ടായിരുന്ന ഹാൾ നവീകരിച്ചത്. കണ്ണൂർ നഗരസഭ കോർപറേഷൻ ആയതോടെ സ്കൂളും ഹാളും കോർപറേഷെൻറ അധീനതയിലായി.
ജൂബിലി ഹാളിൽ മെഗാവാക്സിനേഷൻ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ നാടിെൻറ ഏതു ഭാഗത്തുനിന്നും ജനങ്ങൾക്ക് എത്തിച്ചേരാനും സാധിച്ചിരുന്നു. തികച്ചും സൗജന്യമായാണ് ഇവിടെനിന്ന് വാക്സിനേഷൻ നടത്തുന്നത്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഇവിടത്തെ വാക്സിനേഷൻ നിർത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കോർപറേഷെൻറ കീഴിലുള്ള ജൂബിലി ഹാളിൽ അതിക്രമിച്ചു കയറി സ്പോർട്സ് ഉപകരണങ്ങൾ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് മേയർ നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.