ജൂബിലി ഹാളിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം ഇന്ന് പുനരാരംഭിക്കും
text_fieldsകണ്ണൂർ: കോർപറേഷന് കീഴിലെ ജൂബിലി ഹാളിൽ നിർത്തിവെച്ച വാക്സിനേഷൻ കേന്ദ്രം വെള്ളിയാഴ്ച പുനരാരംഭിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോർപറേഷൻ നിയോഗിച്ച 200 വളൻറിയർമാർക്കാണ് ആദ്യദിവസം വാക്സിൻ (കോവിഷീൽഡ്) നൽകുക. രാവിലെ 9.30 മുതൽ 11 വരെ കോർപറേഷനിലെ ഒന്നു മുതൽ 25വരെ ഡിവിഷനിലുള്ള വളൻറിയർമാർക്കും 11 മുതൽ ഒരുമണി വരെ 26 മുതൽ 55വരെ ഡിവിഷനിലുള്ള വളൻറിയർമാർക്കും നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം.
നേരത്തെ ദിവസവും ആയിരത്തോളം പേർക്ക് വാക്സിൻ നൽകിക്കൊണ്ടിരുന്ന ജൂബിലി ഹാളിലെ വാക്സിനേഷൻ കേന്ദ്രം മുന്നറിയിപ്പ് കൂടാതെയാണ് ആരോഗ്യവകുപ്പ് നിർത്തലാക്കിയത്. ഇത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് കോർപറേഷൻ നിരന്തരം ആവശ്യപ്പെട്ടതിനാലാണ് വാക്സിനേഷൻ പുനരാരംഭിക്കാൻ ഇപ്പോൾ തയാറായിരിക്കുന്നത്. വാക്സിൻ മാത്രമാണ് ആരോഗ്യവകുപ്പ് നൽകുകയെന്നും മറ്റ് മുഴുവൻ സൗകര്യങ്ങളും കോർപറേഷൻ തന്നെ ഒരുക്കണമെന്നും ജില്ല മെഡിക്കൽ ഒാഫിസർ കോർപറേഷന് നൽകിയ കത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് കോർപറേഷൻ തയാറായതിനെ തുടർന്നാണ് ഇപ്പോൾ വാക്സിനേഷൻ കേന്ദ്രം പുനരാരംഭിക്കുന്നത്. നഴ്സുമാർ, ഡാറ്റാ എൻട്രി ഓപറേറ്റർമാർ, ശുചീകരണ ജീവനക്കാർ, അത്യാവശ്യ മരുന്നുകൾ ഉൾപ്പെടെ വാക്സിനേഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും കോർപറേഷനാണ് ഒരുക്കുന്നത്.
കോർപറേഷെൻറ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കേന്ദ്രം പുനരാരംഭിക്കാൻ കഴിഞ്ഞതെന്നും ഇനിയുള്ള ദിവസങ്ങളിൽ ഓരോ മേഖലയിലെയും മുൻഗണന നൽകേണ്ടവരെ ഉൾപ്പെടുത്തി വാക്സിനേഷൻ ലഭ്യമാക്കുമെന്നും
വാക്സിൻ കൃത്യമായി ലഭ്യമാക്കുകയാണെങ്കിൽ മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്നും മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.