സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ; മട്ടന്നൂരിൽ നേതാക്കളുടെ ധനസമ്പാദനം ചർച്ച
text_fieldsകണ്ണൂർ: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് പ്രവേശിക്കവേ ഏരിയ കമ്മിറ്റിയിലെ ചില നേതാക്കൾക്കെതിരെ ഉയർന്നു വരുന്ന ധനസമ്പാദന ആരോപണങ്ങൾ മട്ടന്നൂരിൽ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. തുടർച്ചയായി ഉയരുന്ന ആരോപണങ്ങൾ ജില്ല നേതൃത്വവും ഗൗരവത്തോടെ കാണുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് പല ഘട്ടങ്ങളിൽ നടന്ന സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി പ്രവർത്തിച്ചതായി പറയുന്ന ചില നേതാക്കൾ വലിയതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് താഴെത്തട്ടിലുള്ള പ്രവർത്തകരിൽനിന്ന് ഉയരുന്ന ആരോപണം. ഇതിൽ ഒരു മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർജിച്ച സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
പാർട്ടി ഫണ്ട് തിരിമറി നടത്തിയതായുള്ള പരാതിയും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തന ഫണ്ടിന്റെയും കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ ടൂർണമെന്റിന്റെയും കണക്കുകൾ ബന്ധപ്പെട്ട കമ്മിറ്റിയിൽ അവതരിപ്പിക്കാതെ ബാക്കി വന്ന തുക തിരിമറി നടത്തിയതിന് ഒരു ഏരിയ കമ്മിറ്റിയംഗത്തിന്റെ പേരിൽ നടപടി സ്വീകരിച്ചിരുന്നു. ജില്ല കമ്മിറ്റിയുടെ കർശനമായ നിർദേശത്തെത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്.
പ്രദേശത്തെ പാർട്ടി പ്രവർത്തകരാണ് ജില്ല കമ്മിറ്റിക്ക് പരാതി നൽകിയിരുന്നത്. ഈ പ്രശ്നങ്ങളെല്ലാം സമ്മേളനങ്ങളിൽ ഉയരുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. ലോക്കൽ സമ്മേളനങ്ങളിലും വിമർശനങ്ങൾ ആവർത്തിക്കാനാണ് സാധ്യത.
പയ്യന്നൂർ മേഖലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് നേതാക്കൾ വൻതോതിൽ ധനസമ്പാദനം നടത്തിയെന്ന പരാതിയുയർന്നിരുന്നു. സ്വകാര്യ വ്യക്തി ഒരു വർഷം മുമ്പ് സെന്റിന് നാലര ലക്ഷം രൂപ നൽകി വാങ്ങിയ സ്ഥലം പതിനെട്ടര ലക്ഷത്തിന് വാങ്ങിയതായാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.