കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിമർശനം; വേതനം ഉറപ്പില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ
text_fieldsകണ്ണൂർ: കോർപറേഷൻ പരിധിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് യഥാസമയം വേതനം ലഭിക്കുന്നില്ല. സംസ്ഥാന സർക്കാറിന്റെ ഫണ്ട് ലഭിക്കാത്തതിനാൽ ഇവർക്ക് 75 ലക്ഷം കൂലി നൽകാൻ ബാക്കിയാണെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഒന്നരക്കോടി രൂപ കുടിശ്ശികയുണ്ടായിരുന്നു.
75 ലക്ഷം കഴിഞ്ഞ സെപ്റ്റംബറിലാണ് നൽകിയത്. കൗൺസിലർ ഷാഹിന മൊയ്തീനാണ് ഇക്കാര്യം കൗൺസിലിൽ ഉന്നയിച്ചത്. നമ്മുടെ പരിസര പ്രദേശങ്ങൾ ശുചീകരിക്കുന്നതുൾപ്പെടെ ജോലി ചെയ്യുന്ന ഈ വിഭാഗം സമയത്ത് വേതനം ലഭിക്കാതെ ദുരിതാവസ്ഥയിലാണെന്ന് അവർ പറഞ്ഞു.
പല കാരണങ്ങളാൽ സർക്കാറിന് ഇഷ്ടപ്പെടാത്ത, ആർക്കും വേണ്ടാത്ത ഉദ്യോഗസ്ഥരെ കണ്ണൂരിലേക്ക് നടതള്ളുന്ന അവസ്ഥയാണെന്ന് മേയർ ആരോപിച്ചു. സർക്കാർ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് കൊണ്ടാണ് കോർപറേഷനിൽ കരാറടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടി വരുന്നത്.
സുപ്രധാന അജണ്ടകളുമായി കോർപറേഷൻ കൗൺസിൽ ചേരുമ്പോൾ സെക്രട്ടറി, അസി. എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. എന്നാൽ സെക്രട്ടറിയെ സ്ഥലം മാറ്റിയിട്ട് മൂന്നാഴ്ചയായി. ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന അസി. എൻജിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്താനും സർക്കാർ തയാറാകുന്നില്ല.
കോർപറേഷന്റെ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂർ, അഡ്വ. പി. ഇന്ദിര തുടങ്ങിയവർ ആരോപിച്ചു.
ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകാൻ എല്ലാ കൗൺസിലർമാരും ഒറ്റക്കെട്ടാവണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ ആവശ്യമായ നടപടികളെ പിന്തുണക്കുന്നെന്ന് പ്രതിപക്ഷ കൗൺസിലർമാരായ ടി. രവീന്ദ്രൻ, എൻ. സുകന്യ, അഡ്വ. പി.കെ. അൻവർ എന്നിവർ പറഞ്ഞു. എന്നാൽ പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ധനസഹായത്തിനുള്ള അപേക്ഷകൾ കോർപറേഷന് കൈമാറി
കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായത്തിനായി നവകേരള സദസ്സിൽ ലഭിച്ച എട്ട് പരാതികൾ കോർപറേഷന് കൈമാറിയതായി മേയർ ടി.ഒ. മോഹനൻ. കോർപറേഷന് കൈമാറിക്കിട്ടിയ അഞ്ഞൂറോളം പരാതികളിലാണ് ഇതുമുൾപ്പെടുന്നത്. ഇങ്ങനെയാണെങ്കിൽ ഓൺലൈനിൽ പരാതി സ്വീകരിച്ചാൽ പോരായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, നവകേരള സദസ്സ് യു.ഡി.എഫിനെ ഭയപ്പെടുത്തിയതിനാലാണ് ഇത്തരം ആരോപണങ്ങളെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.