റോഡരികിലെ കഞ്ചാവുചെടികൾ നട്ടുവളർത്തുന്നതോ മുളക്കുന്നതോ?
text_fieldsകണ്ണൂർ: റോഡരികിൽ കണ്ടെത്തുന്ന കഞ്ചാവുചെടികൾ നട്ടുവളർത്തുന്നതോ, തനിയേ മുളക്കുന്നതോ? ഉപയോഗിച്ചതിന്റെ ബാക്കി കളയുന്ന വിത്തിൽനിന്ന് മുളക്കുന്നതായിരിക്കാം എന്ന നിഗമനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ. എന്നാൽ, ഉപയോഗിക്കാനായി നട്ടുവളർത്തുന്നതാണോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിലെ മൂന്നിടങ്ങളിലായാണ് റോഡരികിൽ കഞ്ചാവുചെടികൾ കണ്ടെത്തിയത്.
മടക്കര, പള്ളിക്കുന്ന്, മൈതാനപ്പള്ളി എന്നീ സ്ഥലങ്ങളിൽ ആളുകൾ വിളിച്ചറിയിച്ചതനുസരിച്ച് എക്സൈസ് ഉദ്യോഗസ്ഥരെത്തി കഞ്ചാവുചെടികൾ നശിപ്പിച്ചു. മൈതാനപ്പള്ളിയിൽ എക്സൈസ് പ്രിവന്റിവ് ഓഫിസർ സി.കെ. ബിജുവും സംഘവും ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലത്തുനിന്ന് കഞ്ചാവുചെടി കണ്ടെത്തിയത്.
പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ ഇടച്ചേരി റോഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെടി കണ്ടെത്തിയത്. തൊട്ടടുത്തുള്ള കോംപ്ലക്സിനരികിലെ റോഡിൽനിന്ന് വർഷങ്ങൾക്കുമുമ്പ് കഞ്ചാവുചെടി നശിപ്പിച്ചിരുന്നു.
മടക്കര അജ്നാസ് ഹോട്ടലിന് സമീപം രണ്ടു കഞ്ചാവുചെടികളാണ് കണ്ടത്. പള്ളിക്കുന്നില്‍ 40 സെന്റിമീറ്റര്‍ ഉയരമുള്ളതും മടക്കരയില്‍ 30ഉം 20ഉം സെന്റിമീറ്റര്‍ ഉയരത്തിലുമുള്ള രണ്ട് കഞ്ചാവുചെടികളാണ് കണ്ടെത്തിയത്.
കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമെന്ന് എക്സൈസ് അധികൃതർ പറയുന്നു. എക്സൈസ് പിടിച്ചാലും ഒറ്റപ്പെട്ടവയായതിനാൽ ആളെ പിടിക്കാനാവില്ലെന്നത് റോഡരികിൽ വളർത്താൻ കാരണമാകുന്നതായാണ് സംശയം.
കഞ്ചാവുചെടി ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിനാലാണ് പൊതുസ്ഥലങ്ങളിൽനിന്ന് ഇവ കണ്ടെത്താനും നശിപ്പിക്കാനും കഴിഞ്ഞത്. മുമ്പ് കഞ്ചാവ് തോട്ടം വളർത്തിയ സംഭവങ്ങൾ തന്നെയുണ്ടായിരുന്നു. പാനൂരിൽ 71 കഞ്ചാവുചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. കൂത്തുപറമ്പിൽ 92 കഞ്ചാവുചെടികൾ വളർത്തിയ അസം സ്വദേശിയും പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.