32 ഏക്കറിൽ കൃഷി; ഓണമുണ്ണാൻ ജൈവ പച്ചക്കറിയുമായി മാങ്ങാട്ടിടം
text_fieldsകണ്ണൂർ: ഇത്തവണ ജൈവ പച്ചക്കറിയും കൂട്ടി ഓണമുണ്ണാം. പച്ചക്കറികള്‍ക്കും നെല്‍കൃഷിക്കും പേരുകേട്ട മാങ്ങാട്ടിടം ദേശം ഇത്തവണ 32 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും നേതൃത്വത്തില്‍ ജനകീയമായാണ് കൃഷിയിറക്കിയത്. ഉരുളക്കിഴങ്ങും സവാളയുമൊഴികെ ബാക്കിയെല്ലാതരം പച്ചക്കറികളും കൃഷിയിറക്കി. ചൊവ്വാഴ്ച മുതല്‍ മൂന്നാം പീടികയിലെ കൃഷിഭവന് ഓണച്ചന്തയിലൂടെ ഇവ വിപണിയിലെത്തിക്കും. കൂത്തുപറമ്പ് ബ്ലോക്കിലെ ആറു കൃഷി ഭവനുകളിലേക്കും പച്ചക്കറികള്‍ വിപണനം ചെയ്യും. ലാഭം കര്‍ഷകര്‍ക്ക് തന്നെ ലഭ്യമാക്കും.
അയ്യപ്പന്‍തോട്, വെള്ളപ്പന്തല്‍, കൈതേരി, പഞ്ചായത്തിന് മുന്‍വശം എന്നിവിടങ്ങളിലായി നാല് വിപണന കേന്ദ്രങ്ങളിലും കരിയില്‍, കൈതച്ചാല്‍ എന്നിവിടങ്ങളിലെ ആഴ്ചച്ചന്തയിലും പച്ചക്കറികള്‍ ലഭ്യമാകും. രാസവളമൊഴിവാക്കി ചാണകവും പച്ചിലവളവും ഹരിത കഷായവും മറ്റ് ജൈവരീതികളും അടിസ്ഥാനമാക്കിയാണ് കൃഷി. പച്ചക്കറികള്‍ക്ക് പുറമെ മാങ്ങാട്ടിടം എന്ന പേരില്‍ അരിയും തേനും ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തിച്ചു. ഉമ, ജ്യോതി, ആതിര എന്നീ അരികളാണ് മാങ്ങാട്ടിടം ബ്രാന്‍ഡ് ചെയ്യുന്നത്.
പുഴുങ്ങി കുത്തിയതിന് കിലോക്ക് 70 രൂപയും പച്ചരിക്ക്60 രൂപയുമാണ് വില. ആയിത്തറ പച്ചക്കറി ക്ലസ്റ്ററാണ് കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിച്ച് അരിയാക്കി വിപണിയിലെത്തിക്കുന്നത്. 30ഓളം തേനീച്ച കര്‍ഷകരാണ് പഞ്ചായത്തിലുള്ളത്. ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് വേണ്ട തേനീച്ചപ്പെട്ടികള്‍ ലഭ്യമാക്കിയത്. ഇതില്‍ നിന്നുള്ള തേനാണ് മാങ്ങാട്ടിടം ഹണി എന്ന പേരില്‍ വിപണനം ചെയ്യുന്നത്.
കാര്‍ഷിക മേഖലയില്‍ രണ്ട് കോടിയിലധികം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തില്‍ ഈ വര്‍ഷം നടപ്പാക്കുന്നത്. 40 ലക്ഷം രൂപയാണ് പച്ചക്കറി, നെല്‍കൃഷിക്കായി നീക്കിവെച്ചത്. ഇതു കൂടാതെ വകുപ്പ് തലത്തില്‍ 11 ലക്ഷം രൂപയും ഇതിനായി വിനിയോഗിച്ചു. പഞ്ചായത്തിലെ 9700 വീടുകളില്‍ പച്ചക്കറി തൈകളും വിത്തുകളും കൃഷിഭവന് മുഖേന ലഭ്യമാക്കി. വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികള്‍ ശേഖരിച്ചതിനുശേഷം ബാക്കിയുള്ളവയാണ് വിപണനം ചെയ്യുന്നത്.
• പച്ചക്കറി വിപണി ഇന്ന് തുടങ്ങും
ജില്ലയില്‍ ഓണം പച്ചക്കറി വിപണനത്തിന് 143 ചന്തകള്‍ ഒരുക്കി കൃഷി വകുപ്പ്. വിപണിയുടെ ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കലക്ടറേറ്റ് വളപ്പിലുള്ള സംഘമൈത്രി വിപണന ശാലയില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിര്‍വഹിക്കും. വിപണികളില്‍ 30 എണ്ണം ഹോര്‍ട്ടി കോര്‍പ്പും ആറെണ്ണം വി.എഫ്.പി.സി.കെയും 107 എണ്ണം കൃഷിഭവനുകളുടെയും നേതൃത്വത്തിലാണ്. വിവിധ ഫാമുകള്‍, കൃഷി വകുപ്പിെൻറ ലാബുകള്‍, എൻജിനീയറിങ് വിഭാഗം, ജില്ല ഓഫിസ് സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തിലാണ് ചന്ത നടത്തുന്നത്.
ജില്ലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍, വട്ടവട–കാന്തല്ലൂര്‍ പച്ചക്കറികള്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് ഹോര്‍ട്ടി കോര്‍പ് വഴി സംഭരിക്കുന്ന പച്ചക്കറികള്‍ എന്നിവയെല്ലാം വിപണിയില്‍ ലഭിക്കും. ജില്ലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക വില നല്കി സംഭരിക്കും. പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ആഗസ്റ്റ് 20 വരെ ചന്ത പ്രവര്‍ത്തിക്കും.
• എസ്.പി.സി ഓണം മെഗാ വിപണനമേള തുടങ്ങി
സബ്സിഡിയറി സെന്‍ട്രല്‍ പൊലീസ് കാൻറീന് ആഭിമുഖ്യത്തിലുള്ള ഓണം മെഗാ വിപണന മേള തുടങ്ങി. കണ്ണൂര്‍ പൊലീസ് ക്ലബ് ജിമ്മി ജോര്‍ജ് ഹാളില്‍ നടക്കുന്ന മേളയില്‍ വിവിധ കമ്പനികളുടെ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉല്പന്നങ്ങളും ലഭിക്കും. എസ്.പി.സി കാര്‍ഡുടമകള്‍ക്ക് മാത്രമാണ് മേളയില്‍ സാധനങ്ങള്‍ വാങ്ങാനാവുക. ആഗസ്റ്റ് 20ന് മേള സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.