സി.പി.എം ജില്ല സമ്മേളനത്തിന് തിരശ്ശീല; ഇനി പാർട്ടി കോൺഗ്രസ് ഒരുക്കത്തിലേക്ക്
text_fieldsപഴയങ്ങാടി: സി.പി.എം ജില്ല സമ്മേളനം പഴയങ്ങാടി ഏരിപുരത്ത് സമാപിച്ചു. മൂന്നുദിവസം നീണ്ട സമ്മേളന നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു.
രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ ജില്ല ഘടകമായ കണ്ണൂരിൽ പാർട്ടിക്ക് പുതിയ ഊർജം പകരുന്നതിനുള്ള കർമപദ്ധതി അംഗീകരിച്ചാണ് സമ്മേളനം പിരിഞ്ഞത്. സംസ്ഥാനത്ത് ആദ്യം ജില്ല സമ്മേളനം പൂർത്തിയാക്കിയത് കണ്ണൂരിലാണ്. പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകുന്ന സാഹചര്യത്തിലാണ് ജില്ല സമ്മേളനം നേരത്തേയാക്കിയത്.
കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് ഇനി ഏപ്രിലിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിനുള്ള ഒരുക്കത്തിെൻറ ദിനങ്ങളാണ്. മാടായി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കെ. കുഞ്ഞപ്പ, പി. വാസുദേവൻ നഗറിലാണ് പ്രതിനിധി സമ്മേളനം നടന്നത്. 38 വനിതകളടക്കം 319 അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. സമാപന പൊതുസമ്മേളനം പഴയങ്ങാടി ബസ്സ്റ്റാൻഡിലായിരുന്നു. കോവിഡ് പരിഗണിച്ച് ഇക്കുറി ബഹുജന റാലി ഒഴിവാക്കി.
പ്രതിനിധി സമ്മേളനവും സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എ. വിജയരാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കളും സമ്മേളനത്തിൽ പങ്കുകൊണ്ടു.
ഇന്ധനവില കുത്തനെ കൂട്ടുന്ന കേന്ദ്രനയം തിരുത്തുക, മലബാർ കാൻസർ സെൻറർ ഉന്നത മെഡിക്കൽ സ്ഥാപനമായി ഉയർത്തുക, മാഹിയോടുള്ള അവഗണന അവസാനിപ്പിക്കുക, തലശ്ശേരി -മൈസൂരു റെയിൽപാത യാഥാർഥ്യമാക്കുക, നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക തുടങ്ങി 21 പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
14 പേരെ ഒഴിവാക്കി; 11 പേരെ കൂട്ടിച്ചേർത്തു, 75 വയസ്സിന് മുകളിലുള്ളവർ പുറത്ത്
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിലേക്ക് പുതിയതായി തെരഞ്ഞെടുത്തത് 11 പേരെ. 14 പേരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ജില്ല സെക്രട്ടേറിയറ്റിലേക്ക് ആദ്യ വനിതയായി എൻ. സുകന്യ തെരഞ്ഞെടുക്കപ്പെട്ടു. 75 വയസ്സ് എന്ന പ്രായനിബന്ധന പ്രകാരമാണ് പലരും പുറത്തായത്. പി. ബാലൻ, അരക്കൻ ബാലൻ, ടി.പി. ദാമോദരൻ, ഒ.വി. നാരായണൻ, വയക്കാടി ബാലകൃഷ്ണൻ, കെ. ഭാസ്കരൻ, ഇ. കൃഷ്ണൻ, പാട്യം രാജൻ, കെ.വി. ഗോപിനാഥൻ, കെ.എം. ജോസഫ്, കെ.കെ. നാരായണൻ എന്നിവരാണ് ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കൾ.
തിരുവനന്തപുരത്ത് എ.കെ.ജി സെൻറർ ചുമതലയിലേക്ക് മാറിയ ബിജു കണ്ടെക്കെയും സംസ്ഥാന സമിതി അംഗങ്ങളായ പി. ജയരാജൻ, എ.എൻ. ഷംസീർ എം.എൽ.എ എന്നിവരും ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവായി. സംസ്ഥാന സമിതി അംഗമെന്ന നിലക്ക് പി. ജയരാജനും എ.എൻ. ഷംസീറിനും തുടർന്നും ജില്ല കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാം. കെ. പത്മനാഭൻ, അഡ്വ. എം. രാജൻ, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. ശശിധരൻ, കെ.സി. ഹരികൃഷ്ണൻ, മനു തോമസ്, എ.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരൻ, കെ. മോഹനൻ, ടി. ഷബ്ന എന്നിവരാണ് ജില്ല കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ.
വർഗബഹുജന പ്രാതിനിധ്യവും ന്യൂനപക്ഷ, ആദിവാസി, വനിത സാന്നിധ്യവും പരിഗണിച്ചാണ് ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.