പൊയിലൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശം
text_fieldsപാനൂർ: പാനൂരിന്റെ കിഴക്കൻപ്രദേശങ്ങളായ വടക്കേ പൊയിലൂർ, മേലെ കുന്നോത്തുപറമ്പ് എന്നിവിടങ്ങളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തെങ്ങുൾപ്പെടെയുള്ള മരങ്ങൾ കടപുഴകി. ആയിരത്തോളം വാഴകളും നിരവധി കവുങ്ങുകളും നിലംപൊത്തി. ബുധനാഴ്ച രാവിലെ ഏഴോടെയാണ് പ്രദേശത്തെ നടുക്കി ചുഴലി ആഞ്ഞുവീശിയത്. മേലെ കുന്നോത്ത് പറമ്പിന് സമീപത്തുകൂടി കടന്നുപോയ ചുഴലി വടക്കെ പൊയിലൂരിലും നാശങ്ങളുണ്ടാക്കി. പലയിടങ്ങളിലെയും തെങ്ങുകളും പ്ലാവുകളും കവുങ്ങുകളും തുടങ്ങി ഒട്ടുമിക്ക മരങ്ങളും പൊട്ടിവീഴുകയും കടപുഴകുകയും ചെയ്തു.
ചിറക്കരാണ്ടിയിൽ കോച്ചുബാലൻ, പുല്ലാപ്പള്ളി അനന്തൻ, തങ്കേശപ്പുരയിൽ ശാരദ, പത്തലായി പവിത്രൻ, പത്തലായി കുഞ്ഞിക്കണ്ണൻ, പന്തക്കാലിൽ ബാലൻ, വട്ടപ്പറമ്പത്ത് നാണി, പാലക്കണ്ടി സജിത്ത്, കലിയത്ത് ശശി, പി.കെ. കുഞ്ഞമ്പു, അമ്പൂന്റെപറമ്പത്ത് മനോജ്, എം.പി. ഗോവിന്ദൻ, ഒറ്റത്തെങ്ങുള്ളതിൽ ചന്ദ്രൻ എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങൾ നശിച്ചു.
ചേരിക്കൽ അനന്തൻ, വട്ടപ്പറമ്പത്ത് കരുണൻ എന്നിവരുടെ വാഴകൃഷി വ്യാപകമായി നശിച്ചു.
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വൈസ് പ്രസിഡന്റ് എൻ. അനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.സി. ജിയേഷ്, ടി. സുജില, വി.പി. നിഷ്ന, പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രസാദ്, കൃഷി ഓഫിസർ ടി. ഷുഹൈബ് എന്നിവർ നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. നാശങ്ങൾ വിലയിരുത്തി സർക്കാറിൽനിന്ന് നഷ്ടപരിഹാര സാധ്യതകൾ തേടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ലതയും കൃഷി ഓഫിസർ ഷുഹൈബും പറഞ്ഞു.
വടക്കെ പൊയിലൂർ ഒന്നാം വാർഡിലും ചുഴലി നാശംവിതച്ചു. മരങ്ങളും വൈദ്യുതിത്തൂണുകളും തകർന്നു.
വയൽപുരയിൽ കുമാരൻ, കുനിയിൽ ഗോവിന്ദൻ, പട്ടുവയിൽ ഗോവിന്ദദാസ്, പട്ടുവയിൽ ചീരു, കൈതേരിന്റവിട രാജീവൻ, കീഴ്കാവിൽ അമ്മദ്, പാതാളത്തിൽ ബാലൻ, പാതാളത്തിൽ ദിനേശൻ, വെളുത്തപറമ്പത്ത് ചന്ദ്രി, ആറമ്പള്ളി രാജൻ, പടിക്കലക്കണ്ടി മോഹനൻ എന്നിവരുടെ വീടുകളിലും പറമ്പിലുമാണ് നാശങ്ങൾ സംഭവിച്ചത്. പടിക്കലക്കണ്ടി - പാറേമ്മൽ മുക്കിൽ വൈദ്യുതിത്തൂണും പൊട്ടിവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.