മുഖാമുഖം പരിപാടി;ഒപ്പമുണ്ടെന്ന് ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
text_fieldsകണ്ണൂർ: മുഖാമുഖം പരിപാടിയുടെ ഭാഗമായി ദലിത്, ആദിവാസി വിഭാഗങ്ങളിലെ പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസം, തൊഴിൽ, സ്ത്രീസുരക്ഷ, ചികിത്സ, ലഹരി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. വയനാട്ടിലേതു പോലെ ഗോത്രഭാഷ അറിയുന്ന അധ്യാപകരെ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള സ്കൂളുകളില്‍ നിയമിക്കുമോ എന്ന കണ്ണൂരിലെ ശ്രീലത ശശിയുടെ ചോദ്യത്തിന് മറുപടിയായി പ്രൈമറി ക്ലാസുകളില്‍ നിന്നും കൊഴിഞ്ഞുപോക്ക് തടയാനും ഭാഷ പ്രശ്നം പരിഹരിക്കാനും ഗോത്രബന്ധു പദ്ധതിയിലൂടെ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നുണ്ടെന്നും മറ്റുജില്ലകളെയും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുംവിധം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലൈഫ് ലോങ് ലേണിങ് സ്ഥാപനങ്ങളാക്കി മാറ്റും. പിന്നാക്ക വിഭാഗങ്ങൾക്ക് നിയമത്തിൽ വേണ്ടത്ര അവബോധമില്ലാത്തതും നിയമസഹായം ലഭിക്കാത്തതും ചർച്ചയായി. നിയമ രംഗത്ത് പട്ടികജാതി വകുപ്പ് നടത്തിയ ചുവടുവെപ്പായ ജ്വാല പദ്ധതിയുടെ ഭാഗമായി 69 പേര്‍ക്ക് നിയമരംഗത്ത് പ്രായോഗിക പരിശീലനം നല്കി വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
24 പേര് ഹൈകോടതിയിലും 45 പേര് ജില്ല കോടതികളിലുമാണ് പരിശീലനം നേടുന്നത്. ഗവ. പ്ലീഡര്‍ ഓഫിസുകളിലാണ് ഭൂരിഭാഗം പേരും നിയമിക്കപ്പെടുന്നത്. ഇവര്‍ക്ക് മറ്റ് ഓഫിസുകളിലും പ്രഗത്ഭരായ മറ്റ് അഭിഭാഷകരുടെയും കീഴില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം ആവശ്യപെട്ട് അഡ്വ. ഭരദ്വാജ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍ പുതുതായി ആരംഭിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
ഒരിടത്തും സ്ഥിരമായി തങ്ങാത്ത ശീലമുള്ള മലപണ്ടാര വിഭാഗക്കാരെ വാസസ്ഥലമൊരുക്കി പുനരധിവസിപ്പിക്കും. പട്ടികജാതി ദുര്‍ബല വിഭാഗങ്ങള്‍ക്ക് 100 ശതമാനം സബ്സിഡിയോടെ സ്വയംതൊഴില്‍ സംരഭ വായ്പ അനുവദിക്കുന്നുണ്ട്. പട്ടികജാതി-വര്‍ഗ മേഖലയിലെ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹകരണ വകുപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രിയുടെ മറുപടി.
ലഹരി ഉപയോഗത്തിനെതിരെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാൻ തീരുമാനമായി. പട്ടികജാതിക്കാരുടെ കാവുകളിലേക്കും ശ്മശാനത്തിലേക്കും റോഡുകള്‍ നിർമിക്കുമ്പോള്‍ ഫീസിബിലിറ്റി അനുവദിക്കുന്നതിലെ സാങ്കേതിക തടസ്സത്തെക്കുറിച്ച് മലപ്പുറത്ത് നിന്നുള്ള വേലായുധന് പാലക്കണ്ടി ആശങ്ക പ്രകടിപ്പിച്ചു. വിഷയം പ്രത്യേകമായി പരിഗണിച്ച് ഗതാഗത സൗകര്യം ഒരുക്കുന്നതിന് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.