പെരുമഴയിൽ അപകട ശനി; കണ്ണൂർ ജില്ലയിൽ മൂന്നുമരണം; നൂറോളം അപകടങ്ങൾ
text_fieldsകണ്ണൂർ: ശനിയാഴ്ച മാത്രം ജില്ലയിൽ ചെറുതും വലുതുമായ നൂറോളം അപകടങ്ങൾ. മൂന്നുപേർക്ക് ജീവൻ നഷ്ടമായി. കാൾടെക്സിൽ ലോറിയുമായി കൂട്ടിയിടിച്ച് മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് മരക്കാർകണ്ടി ബൈത്തുൽ നൂഹയിൽ വി.കെ. ഇബ്രാഹീം ഹാജി (74), ചെറുപുഴ മച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ പയ്യന്നൂർ സ്വദേശി റിജു, കൂത്തുപറമ്പ് ടൗണിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാച്ചപ്പൊയ്കയിലെ സി.കെ. ഹൗസിൽ പി.കെ. ഷാനിഫ് എന്നിവരാണ് ശനിയാഴ്ച മരിച്ചത്. മമ്പറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 35ഓളം പേർക്കും പരിക്കേറ്റു.
കരുതൽ വേണം, റോഡിൽ
വേനലിന് ശേഷം മഴ കനത്തതോടെ റോഡിൽ തെന്നിയും നിയന്ത്രണം നഷ്ടമായുമുള്ള അപകടങ്ങൾ വർധിക്കുകയാണ്. മഴക്കാലത്താണ് റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നനയുന്നതോടെ വാഹനത്തിന്‍റെ ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം കുറയുകയും ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടമാകുന്നതും തെന്നുന്നതുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
വാഹനം വഴുതി മറ്റു വാഹനങ്ങളുമായി ഇടിക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് റോഡിൽ അടിഞ്ഞുകൂടുന്ന ഓയിലും മറ്റും മഴയിൽ ഒലിച്ചിറങ്ങി വാഹനങ്ങൾ തെന്നുന്നതും പതിവാണ്.
തെന്നിയും ചളിക്കുഴികളില്‍ വീണും മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുമെല്ലാം നിരവധി അപകടങ്ങളാണ് മഴക്കൊപ്പം സംഭവിക്കുന്നത്.
കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതും ഡ്രൈവർമാർക്ക് റോഡ് പരിചയമില്ലാത്തതുമെല്ലാം അപകടത്തിന് കാരണമാകാറുണ്ട്. അമിതവേഗത്തിലെത്തി മുന്നിൽ മറ്റൊരു വാഹനമോ വളവോ കാണുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴാണ് സമീപത്തെ മതിലും കടകളുമെല്ലാം തകർത്ത് വാഹനം അപകടമുണ്ടാക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കുമേൽ മരം കടപുഴകിയുണ്ടാകുന്ന അപകടം മഴക്കാലത്ത് പ്രതീക്ഷിക്കാം. വലിയ മരങ്ങൾക്ക് ചുവട്ടിലും ഫ്ലക്സ് ബോർഡുകൾക്കടിയിലും വാഹനം നിർത്തുന്നത് ഒഴിവാക്കണം. ചുരംപാതയിൽ പരിചയസമ്പന്നരായ ഡ്രൈവർമാർ മാത്രമേ വാഹനമോടിക്കാൻ പാടുള്ളൂ.
കുഴികളിൽ അപകടം പതിയിരിക്കുന്നു
പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുണ്ടിലും കുഴിയിലും മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് സാധാരണമാണ്. കുഴികളിൽ വെള്ളം നിറയുമ്പോൾ ആഴമോ അപകട സാധ്യതയോ മനസ്സിലാവില്ല. വലിയ കല്ലുകൾ നിറഞ്ഞ കുഴിയാണെങ്കിൽ ഇരുചക്രവാഹനം മറിയുമെന്നുറപ്പ്. ചെറിയ കുഴിയാണെന്ന് കരുതി വേഗം കുറക്കാതെ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങളും അപകടത്തിൽപെടുന്നത് മഴക്കാലത്തെ നിത്യസംഭവമാണ്. പൈപ്പ് ഇടാൻ എടുത്ത കുഴിയിൽ വീണം അപകടമുണ്ടാകാറുണ്ട്.
തലശ്ശേരിയിൽ മരച്ചില്ല വീണ് ഓട്ടോ തകർന്നു; ധർമടത്ത് കാർ തലകീഴായി മറിഞ്ഞു
തലശ്ശേരി: തലശ്ശേരിയിലും ധർമടത്തും വാഹനാപകടം. ധർമടത്ത് കാർ റോഡിൽനിന്ന് തെന്നി സമീപത്തെ വീടിനടുത്ത് തലകീഴായി മറിഞ്ഞു. പാലക്കാടുനിന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം യാത്ര ചെയ്ത കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധർമടം മൊയ്തുപാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറരക്കാണ് സംഭവം.
തലശ്ശേരി ടി.സി മുക്ക് റെയിൽവേ സ്റ്റേഷൻ റോഡിലാണ് ഓട്ടോറിക്ഷക്കുമേൽ മരക്കൊമ്പ് പൊട്ടിവീണത്. റോഡരികിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന മരത്തിന്റെ ഉണങ്ങിയ വലിയ ചില്ലയാണ് വീണത്. ഓട്ടോ തകർന്നു. ഡ്രൈവർ ടി.സി മുക്കിലെ കെ.എ. റെനിലിന് (30) പരിക്കേറ്റു. നെറ്റിക്കും തലക്കും പരിക്കേറ്റ ഡ്രൈവറെ സമീപത്തുള്ളവർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. രോഷാകുലരായ നാട്ടുകാർ റെയിൽവേക്കെതിരെ പ്രതിഷേധമുയർത്തി റോഡ് തടഞ്ഞു. തലശ്ശേരിയിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഈ ഭാഗത്ത് റെയിൽവേ സ്ഥലത്തുള്ള ഒട്ടുമിക്ക മരങ്ങളും അപകടാവസ്ഥയിൽ റോഡിനുമീതെ ചാഞ്ഞ നിലയിലാണ്. റെയിൽവേ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് പരിസരവാസികളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ആക്ഷേപം.
നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി
അഞ്ചരക്കണ്ടി: നിയന്ത്രണംവിട്ട ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം. അഞ്ചരക്കണ്ടി-തലശ്ശേരി റോഡിൽ ചാമ്പാട് കള്ളുഷാപ്പിന് സമീപത്താണ് അപകടം നടന്നത്.
ശനിയാഴ്ച പുലർച്ച 4. 30 ഓടെയാണ് സംഭവം. വടകരയിൽനിന്ന് ഊരത്തൂരിലേക്ക് ചെങ്കല്ല് കയറ്റാൻപോയ ലോറിയാണ് അപകടത്തിൽപെട്ടത്.
ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കേറ്റു. നിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നെയിംബോർഡും ഗ്രാമോദയ വായനശാലയുടെ ജനൽ ഗ്ലാസും ചുമരിന്‍റെ ഒരുഭാഗവും തകർത്ത ശേഷം മത്സ്യക്കടയും മറ്റൊരു കടയും തകർത്തശേഷമാണ് നിന്നത്. മത്സ്യക്കടയുടെ ചുമർഭാഗവും ഉൾഭാഗവും കനത്ത ഇടിയിൽ പൂർണമായും തകർന്നനിലയിലാണ്.
ലോറിയുടെ ടയർ ഊരിത്തെറിക്കുകയായിരുന്നു. പുലർച്ച ആയതിനാൽ ആളപായം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് ലോറി നിയന്ത്രണംവിട്ട് അപകടത്തിലായതിന് കാരണമെന്നാണ് നാട്ടുകാർ പറഞ്ഞത്.
ചുരം പാതയിൽ ഗുഡ്സ് വാഹനം മറിഞ്ഞു
കേളകം: കൊട്ടിയൂർ -വയനാട് ചുരം പാതയിലെ പാൽചുരം കമ്യൂണിറ്റി ഹാളിന് സമീപം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വയനാട്ടിൽനിന്ന് ഇരിട്ടിയിലേക്ക് കുട്ടികൾക്കുള്ള പാഠപുസ്തകവുമായി പോവുകയായിരുന്ന ഗുഡ്സ് വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഹാൻഡ് ബ്രേക്കിട്ട് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം റോഡിൽ മറിഞ്ഞത്.
ട്രാവലർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
പേരാവൂർ: നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലെ ചന്ദനത്തോട് പാലത്തിനടുത്ത് ട്രാവലർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ബത്തേരി നായ്ക്കട്ടി സ്വദേശികൾ സഞ്ചരിച്ച വാഹനം കണ്ണൂരിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സകൾക്കായി മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കം പതിനഞ്ചോളം യാത്രക്കാരാണ് വിനോദസഞ്ചാരത്തിനായി പുറപ്പെട്ടത്.
കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
മട്ടന്നൂര്‍: കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഉരുവച്ചാല്‍ ടൗണിലായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരായ ഏളക്കുഴിയിലെ അഖില്‍ (27), ഭാര്യ രസിക (22) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.