ആഴങ്ങളിൽ മരണം പതിയിരിപ്പൂ...
text_fieldsകണ്ണൂർ: പുറമെ ശാന്തമാണെങ്കിലും ശക്തമായ അടിയൊഴുക്കും നിറയെ ചളിയുമുള്ള ജലാശയങ്ങളിൽ മരണം പതിയിരിക്കുന്നു. ഇനി ഒരു ജീവൻകൂടി വെള്ളത്തിൽ പൊലിയാതിരിക്കാൻ സ്വയംസുരക്ഷിതരാവുക മാത്രമാണ് പോംവഴി. കഴിഞ്ഞദിവസം കണ്ണൂർ പുല്ലൂപ്പിക്കടവിലെ കയത്തിൽ മൂന്നു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. ഈ ഭാഗത്തെ കടവിൽ, മീൻപിടിത്തക്കാർ കെട്ടിയിട്ട തോണികളിൽ രാത്രി ചെറുപ്പക്കാർ പുഴയിൽ കറങ്ങാൻ പോകുന്നത് പതിവാണ്.
പുഴയിൽ ചുറ്റിക്കറങ്ങലും മീൻപിടിത്തവുമാണ് ലക്ഷ്യം. ഇത്തരത്തിൽ പോയവരാണ് അപകടത്തിൽപെട്ടത്. ഇത്തരം അപകടങ്ങൾ നടക്കുമ്പോൾ മാത്രമാണ് ജലസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ച ഉയരുന്നത്. ഇതുസംബന്ധിച്ച ബോധവത്കരണങ്ങളുടെ അഭാവവുമുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ കടവുകളിലും മറ്റും മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിക്കൽ മാത്രമാണ് ഇതുസംബന്ധിച്ച് നടക്കുന്ന ഏക പ്രവർത്തനം. ബോട്ടുകളിലും തോണികളിലും സഞ്ചരിക്കുന്നവർ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കുന്നത് അപകടങ്ങളൊഴിവാക്കും. ഇതുസംബന്ധിച്ച് കൃത്യമായ ബോധവത്കരണം നടക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം.
ആളുകൾ ഇറങ്ങുകയും കുളിക്കുകയും ചെയ്യുന്ന ജലാശയങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കണം. ജലാശയങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും, അപകടമുണ്ടായാൽ അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട പ്രദേശവാസികളുടെയും അഗ്നിരക്ഷസേനയുടെയും ഫോൺ നമ്പറുകളും പ്രദർശിപ്പിക്കണം.
എട്ടുവർഷത്തിനിടെ മരിച്ചത് 20ഓളം കുട്ടികൾ
സ്ഥലപരിചയമില്ലാത്ത കടവുകളിലും പുഴയിലും ഇറങ്ങുന്നതും കുളിക്കുന്നതും അപകടം വിളിച്ചുവരുത്തും. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബന്ധുവീടുകളിലെത്തി സമീപത്തെ ജലാശയങ്ങളിലിറങ്ങി അപകടത്തിൽപെട്ട 20ഓളം കുട്ടികളാണ് എട്ടുവർഷത്തിനിടെ മുങ്ങിമരിച്ചത്.
ഒപ്പമുള്ള കുട്ടികൾ ബഹളംവെച്ച് രക്ഷിതാക്കളും നാട്ടുകാരും എത്തുമ്പോഴേക്കും വൈകിയിരിക്കും. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവേ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസുകാരൻ കണ്ണൂർ കുന്നാവ് ജലദുര്‍ഗ ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താണത് നാലുമാസം മുമ്പാണ്.
അടുത്തമാസം പന്ന്യോട്ട് സ്വദേശിയായ ബാങ്ക് സെക്രട്ടറിക്കും മകനും പന്ന്യോട്ട് കരിയിൽ കുളത്തിൽ ജീവൻ നഷ്ടമായി. മകനെ നീന്തൽ പരിശീലിപ്പിക്കുന്നതിനിടയിലാണ് മരണം ഇവരെ തട്ടിയെടുത്തത്.
മൂന്നുവർഷം മുമ്പ് ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ ബാരാപുഴയിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥികൾ കയത്തിൽപെട്ട് രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഒപ്പമുണ്ടാകുന്നവർ മുങ്ങിത്താഴുമ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മരണസംഖ്യ വർധിക്കുന്നത്.
ചെറുവാഞ്ചേരി പൂവത്തൂരിൽ കൊല്ലംകുണ്ട് പാലത്തിനുസമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട യുവാക്കളെ നാട്ടുകാർ പുറത്തെടുക്കുമ്പോഴേക്കും വൈകിയിരുന്നു. ചുഴിനിറഞ്ഞ അപകടാവസ്ഥ അറിയാവുന്ന നാട്ടുകാർ ഇവിടെ വെള്ളത്തിൽ ഇറങ്ങാറില്ല. മുന്നറിയിപ്പുകളും വിലക്കുകളും മറികടന്നാണ് പലരും കുളിക്കാനെത്തി അപകടത്തിൽപെടുന്നത്.
എത്രത്തോളം നീന്താനറിയാം
നീന്താൻ അറിയാമെന്ന അമിത ആത്മവിശ്വാസത്തിലാണ് പലരും പുഴയിൽ ഇറങ്ങുന്നത്. എത്രത്തോളം നീന്താൻ അറിയാമെന്നത് പ്രധാനമാണ്. ആഴംകുറഞ്ഞതും ഒഴുക്കില്ലാത്തതുമായ ജലാശയങ്ങളിൽ നീന്തിശീലിച്ചവർക്ക് പുഴയിലെ കുത്തൊഴുക്കും അടിത്തട്ടിലെ ചളിയും അതിജീവിക്കാനാവില്ല.
ഇത്തരത്തിൽ നീന്തലിൽ വൈദഗ്ധ്യമില്ലാത്തവർ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അപകടം ഇരട്ടിക്കാനും കാരണമാകും. പരിചയമില്ലാത്ത കടവുകളിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.
അതിസാഹസികത കാട്ടാനുള്ള സ്ഥലങ്ങളല്ല ജലാശയങ്ങൾ. പുല്ലുവളര്‍ന്നുനില്‍ക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ആഴം കുറവാകുമെന്നു കരുതിയിറങ്ങി അപകടത്തില്‍പെടുന്നവരുമേറെയാണ്.
നീന്തൽ വിദഗ്ധരുടെ സഹായത്തോടെ മാത്രമേ പുഴകളിലും മറ്റും ഇറങ്ങാൻ പാടുള്ളൂ. വേലിയേറ്റവും ഇറക്കവും അനുസരിച്ച് കടലിലെയും പുഴകളിലെയും ഒഴുക്കിനും ജലനിരപ്പിനും വ്യത്യാസമുണ്ടാവും. ഇതൊന്നുമറിയാതെ വെള്ളത്തിലിറങ്ങുന്നവർ അപകടം ക്ഷണിച്ചുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.