ഷഫ്നയുടെ മരണം; അന്വേഷണം ജില്ലക്രൈംബ്രാഞ്ചിന് വിട്ടു
text_fieldsചൊക്ലി : ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചൊക്ലി പെട്ടിപ്പാലത്തെ ഷഫ്നയുടെ മരണത്തിന്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോഷി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷിക്കുക. കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 24 മുറിവുകളെന്ന് കണ്ടെത്തിയിരുന്നു. നെറ്റിത്തടം, കഴുത്ത്, താടിയെല്ല്, കൈകൾ എന്നിവിടങ്ങളിലാണ് മുറിവുകൾ. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വനിത കമീഷൻ എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച ഷഫ്നയുടെ വീട് സ്പീക്കറും സ്ഥലം എം.എൽ.എയുമായ അഡ്വ. എ.എൻ. ഷംസീർ സന്ദർശിച്ചപ്പോൾ മരണത്തിനുത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉന്നതതല അന്വേഷണ ഏജൻസിയെ ഏൽപിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ 11ന് രാവിലെ 10 മണിയോടെയാണ് ഷഫ്ന (23)യെ ഭർത്താവ് പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് റയീസിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊക്ലി പെട്ടിപ്പാലത്തെ ആശാരി പുളിക്കൽ ഷാഹിദയുടെയും സലീമിന്റെയും നാലു മക്കളിൽ മൂന്നാമത്തെ മകളാണ് ഷഫ്ന ഷെറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.