ആഴത്തിലുള്ള കുഴികളും മണ്ണിടിച്ചിലും; ദുരന്തം കാതോർത്ത് ദേശീയപാതയോരങ്ങൾ
text_fieldsകണ്ണൂർ: ദേശീയപാത നിർമാണ പ്രവൃത്തി ജില്ലയിൽ പുരോഗമിക്കുമ്പോൾ പാതയോരത്ത് പാർക്കുന്നവർ നെഞ്ചിടിപ്പോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ആഴത്തിൽ കുഴിയെടുത്തും കുന്നിടിച്ചും മണ്ണ് നികത്തിയുമൊക്കെയാണ് പാത നിർമാണം നടക്കുന്നത്.
ജില്ലയിലെ പല പ്രദേശങ്ങളും അപകടമുനമ്പുകളായി. കുന്നുതുരന്ന് ദേശീയപാത പണിയുമ്പോൾ ബാക്കിയായ പ്രദേശങ്ങൾ മണ്ണിടിച്ചൽ ഭീഷണിയിലാണ്. പാതക്കായുള്ള സ്ഥലമേറ്റെടുക്കലിന് ശേഷം ഉയർന്ന പ്രദേശങ്ങളിൽ ബാക്കിയായ വീടുകളും കെട്ടിടങ്ങളും അപകടത്തിന്റെ വക്കിലാണ്.
വെള്ളിയാഴ്ച താഴെചൊവ്വ മുട്ടോളംപാറയിൽ മഞ്ജിമ നിവാസിൽ ഷൈനുവിന്റെ വീട് നിലംപൊത്തിയ ഞെട്ടലിൽനിന്ന് വീട്ടുകാരും നാട്ടുകാരും ഇനിയും കരകയറിയില്ല. ഏത് നിമിഷവും നിലം പൊത്താമെന്ന നിലയിലാണ് പല വീടുകളും. അപകടഭീഷണിയേറിയ വീടുകൾ ദേശീയപാത അധികൃതർ ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെന്ന് പരാതിയുണ്ട്. ഷൈനുവിന്റെ വീട് ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.
പോകാനിടമില്ലാത്തതോടെ പലരും അപകടഭീഷണിയായിട്ടും ഇത്തരം വീടുകളിൽ താമസം തുടരുകയാണ്. ഷൈനുവും സഹോദരി ഷീബയും മക്കളും അടങ്ങുന്ന കുടുംബം ഒരാഴ്ച മുമ്പാണ് ചാലയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. വീടിന് വിള്ളൽ വീണതിനാൽ റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് കുടുംബത്തിനോട് മാറിത്താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അപകടസമയത്ത് വീട്ടിലും ദേശീയപാത പ്രവൃത്തി നടക്കുന്നയിടത്തും ആരുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. താഴെചൊവ്വ-ആറ്റടപ്പ റോഡിൽ 16 മീറ്ററോളം ആഴത്തിലാണ് കുഴിയെടുത്തത്. സമീപത്തെ പുത്തൻകല്ല് ഉപേന്ദ്രന്റെ വീട്ടുമതിലും നാലുമീറ്ററിലേറെ നീളത്തിൽ ഇടിഞ്ഞുതാഴ്ന്നിരുന്നു. ഈ വീടടക്കം മൂന്ന്, നാല് വീടുകൾകൂടി അപകട ഭീഷണിയിലാണ്. വെള്ളപ്പാറ ഭാഗത്തുനിന്ന് മഴ വെള്ളം ഒഴുകി പോകാനുള്ള ശാസ്ത്രീയ സംവിധാനം ഒരുക്കിയില്ലെങ്കിൽ മണ്ണിടിച്ചൽ ഇനിയും രൂക്ഷമാകും.
മുട്ടോളം പാറയിൽ ആറ്റടപ്പ റോഡ് കടന്നുപോകുന്നതിന്റെ ഒരുഭാഗത്ത് ദേശീയപാത നിർമാണ പ്രവൃത്തി തുടങ്ങാൻ ബാക്കിയുണ്ട്. ഈ ഭാഗത്തുകൂടി ആഴത്തിലുള്ള കുഴിയെടുത്താൽ കൂടുതൽ വീടുകൾ അപകടഭീഷണിയിലാവും.
ദേശീയപാത പണിനടക്കുന്ന സ്ഥലത്ത് തകർന്നുവീണ വീടും പരിസരവും മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർമാരായ ബാലകൃഷ്ണൻ, രജനി, ഡെപ്യൂട്ടി തഹസിൽദാർ ആഷിഖ്, നാഷനൽ ഹൈവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.