കടൽക്കൊള്ളക്കാരുടെ പിടിയിൽ നിന്ന് ദീപക് നാടണഞ്ഞു; 'ഇത് രണ്ടാം ജന്മം'
text_fieldsകണ്ണൂർ: പ്രതീക്ഷകൾ അസ്തമിച്ച നിലയിലായിരുന്നു. കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താൻ കഴിയുമോയെന്ന ഭീതിയിലും പ്രാർഥനയിലായിരുന്നു ഒാരോ നിമിഷവും തള്ളിനീക്കിയത്. ഒടുവിൽ വീടണഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.
മരക്കാർക്കണ്ടി ശ്രീസുകുമയിൽ ദീപക് ഉദയരാജിനാണ് വീട്ടിലേക്കുള്ള യാത്ര ജീവിതത്തിലേക്കുള്ള തിരിച്ചുവരവായത്. കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ കുടുങ്ങിയ കപ്പലിൽനിന്നു മോചനം നേടിയാണ് അദ്ദേഹം മരക്കാർ കണ്ടിയിലെ വീട്ടിൽ തിരിച്ചെത്തിയത്. ജീവിതം തിരിച്ചുകിട്ടിയതിെൻറ സന്തോഷത്തിലാണ് ദീപക് ഉദയരാജ്.
സഹപ്രവർത്തകരായ രണ്ടുപേർക്ക് വെടിെവപ്പിൽ പരിക്കേറ്റതും ഒരാളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതും ഭീതി പടർത്തിയ ഒാർമയായി. വീണ്ടും കടൽക്കൊള്ളക്കാർ എത്തുമോ എന്ന ഭയത്തോടെയാണ് ദിവസം തള്ളിനീക്കിയതെന്ന് ദീപക് പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് കടൽക്കൊള്ളക്കാർ ആക്രമിച്ച ഒ.എസ്.വി ടെമ്പൻ കപ്പലിൽനിന്ന് മോചിതരായ എട്ടംഗസംഘത്തിലെ മലയാളി ദീപക് ഉദയരാജ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. എൻജിൻ തകരാറായി നങ്കൂരമിട്ട കപ്പലിനെ അർധരാത്രി കൊള്ളക്കാർ വളയുകയായിരുന്നു.
സെക്കൻഡ് ഓഫിസറായ ദീപക് ഉദയരാജും ക്യാപ്റ്റനുമടക്കമുള്ള 14 പേരിൽ എട്ടുപേരെയാണ് കമ്പനി പകരം ജീവനക്കാരെ എത്തിച്ച് മോചിപ്പിച്ചത്. കാമറൂണിൽനിന്ന് മുംബൈയിലെത്തിയാലുടൻ കണ്ണൂരിലെ വീട്ടിലേക്ക് വരാൻ തീരുമാനിച്ചപ്പോഴാണ് കൊള്ളക്കാരുടെ കെണിയിൽ കുടുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ദീപക് ഉദയരാജിനെ വീട്ടിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.