മലയോരത്തിന്റെ ദാഹമകറ്റണം; കുടിവെള്ള പദ്ധതി വൈകുന്നതിൽ ആശങ്ക
text_fieldsകണിച്ചാർ: കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി വിഭാവനം ചെയ്ത കാളികയം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. കാളികയത്തിനടുത്ത് അത്തിത്തട്ടിൽ ജലം ശുദ്ധീകരിക്കാനായി നിർമിച്ച പ്ലാന്റ് കാടുകയറിയ അവസ്ഥയിലാണ്. പ്ലാന്റിന്റെ നിർമാണം കഴിഞ്ഞിട്ട് വർഷം മൂന്നായി. എന്നാൽ മറ്റു പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ പ്ലാന്റിന്റെ പ്രവർത്തനവും ആരംഭിക്കാൻ സാധിച്ചിട്ടില്ല.
പ്ലാന്റിൽ നിന്ന് മഞ്ഞളാംപുറത്ത് നിർമിക്കുന്ന പ്രധാന ടാങ്കിലേക്കുള്ള പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്. വെണ്ടേക്കും ചാലിലെ ടാങ്ക് നിർമാണം പൂർത്തിയായി. എന്നാൽ, ടാങ്കിന് ചോർച്ചയുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കാളികയത്ത് നിർമിച്ച എല്ലാ പ്രവൃത്തിയും പൂർത്തിയായെങ്കിലും ഉപയോഗശൂന്യമായി നശിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി വലിയ പൈപ്പുകൾക്ക് പുറമെ ചെറിയ വ്യാസമുള്ള പൈപ്പുകളിടുന്ന പ്രവൃത്തി പൂർത്തിയാകാത്തതാണ് പ്രധാന പ്രശ്നം.
നബാർഡ് പദ്ധതിയിൽ 84 കോടി രൂപയാണ് അടങ്കൽതുക. ദിവസേന 11 മില്യൺ ലിറ്റർ കുടിവെള്ളം പമ്പ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 100 എച്ച്.പി പമ്പ് വഴി വെള്ളം ശുചീകരണ പ്ലാന്റിലെത്തിക്കും.
പ്രവൃത്തിയുടെ മെല്ലെപ്പോക്ക് കാരണം കമീഷൻ ചെയ്യുന്നത് നീണ്ടുപോകാനാണ് സാധ്യത. സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് പഞ്ചായത്തുകളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.