ഭൂതത്താൻ കുന്നിടിയുന്നു
text_fieldsഎടക്കാട്: ദേശീയ പാതയോട് ചേർന്ന് പുതിയ ആറുവരിപാതയുടെ നിർമാണം നടക്കുന്ന എടക്കാടിനും മുഴപ്പിലങ്ങാടിനും ഇടയിലെ ഭൂതത്താൻ കുന്ന് ഇടിയുന്നതിൽ ആശങ്ക. നേരെത്തെ ദേശീയ പാതയിൽ നിന്നും 30 മീറ്ററിലധികം ദൂരെയായിരുന്നു കുന്ന് പ്രദേശം. പുതിയ റോഡിന്റെ നിർമാണ പ്രവർത്തനത്തിന് കുന്നിന്റെ മിക്ക ഭാഗങ്ങളും ഇടിച്ചാണ് ഓവുചാൽ ഉൾപ്പെടെ നിർമിക്കുന്നത്. പൊതുവെ വലിയ ഉറപ്പില്ലാത്ത കുന്ന് ഇതോടെ ബലക്ഷയമുണ്ടായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.10 വർഷങ്ങൾക്ക് മുമ്പ് ഇതേ കുന്നിന്റെ വലിയൊരു ഭാഗം സ്വകാര്യ വ്യക്തികൾ എടുത്ത് വില്ലകൾ പണിയാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനായി വലിയ കിണർ ഉൾപ്പെടെ നിർമിച്ചെങ്കിലും കുന്നിടിച്ചിൽ ഭീഷണി കാരണം നിർമാണ പ്രവർത്തനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിന് ശേഷം എല്ലാ കാലവർഷവും കുന്നിൻ മുകളിൽ നിന്നും ചെളി ഇറങ്ങി വന്ന് റോഡ് ഗതാഗതം വരെ ചില ഘട്ടങ്ങളിൽ തടസ്സപ്പെടാറുള്ളതായും നാട്ടുകാർ പറയുന്നു. ഇപ്പോഴത്തെ റോഡിന്റെ അരിക് ചേർന്നു പോകുന്ന ഓവുചാൽ നിർമാണം തുടരാനാവാതെ പാതി വഴിയിൽ നിർത്തിവെച്ചിരിക്കുന്നത് കുന്നിടിഞ്ഞ് മണലും പാറക്കെട്ടുകളും വീഴുന്നതിനാലാണ്.
ദേശീയ പാതക്ക് വേണ്ടി ഭൂമി ഒഴിഞ്ഞു കൊടുത്ത ഭൂരിഭാഗം കുടുംബങ്ങളും കുന്നിന് താഴെയുള്ള മിച്ചം വന്ന ഭൂമിയിലാണ് പുതിയ വീടുകൾ നിർമിച്ചിരിക്കുന്നത്. കുന്നിടിച്ചിൽ ഭീഷണി ഇവരെയും ആശങ്കപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.