ഡെങ്കിപ്പനി: കാനത്തൂരിൽ ആരോഗ്യ വകുപ്പ് പരിശോധന
text_fieldsകണ്ണൂര്‍: കോർപറേഷന് കാനത്തൂര്‍ ഡിവിഷന് ഭാഗത്ത് ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇവിടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കുന്നതിന് സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമകള്‍ക്ക് നിര്‍ദേശം നല്കി. നിശ്ചിത സമയത്തിനുള്ളില്‍ വെള്ളക്കെട്ട് നീക്കിയില്ലെങ്കില്‍ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളുമെന്ന് ഡി.എം.ഒ അറിയിച്ചു. കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്കാന് ജില്ല ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിങ് നടത്തി.വിവിധ സ്ഥാപനങ്ങളുടെ അണ്ടർ ഗ്രൗണ്ടിലും ടെറസുകളിലും വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. അതിഥി തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന സ്ഥലത്തെ ടാങ്കുകളിൽ കൊതുകുകൾ വളരുന്നതിനെ തുടർന്ന് കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.
കെട്ടിട നിർമാണം നടക്കുന്നയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഫോഗിങ് നടത്തിക്കഴിഞ്ഞാൽ വളർച്ച എത്തിയ കൊതുകൾ മാത്രമാണ് നശിക്കുക. ഉറവിടങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ ഇപ്പോഴും മുട്ടയും ലാർവയും പ്യൂപ്പയും ഉണ്ടാകും. ഇതിനായി ഉറവിട നശീകരണം നടത്തേണ്ടതുണ്ട്. കൊതുക് വളരാനുള്ള സാഹചര്യം കണ്ടെത്തിയ വെള്ളക്കെട്ടുകൾ അടിയന്തരമായി നീക്കാൻ അതാത് ഉടമകൾക്ക് നിർദേശം നൽകി. നിശ്ചിത സമയത്തിനുള്ളിൽ അവർ അത് നീക്കം ചെയ്തില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.