സൺ, കൂളിങ് ഫിലിമുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി
text_fieldsകണ്ണൂർ: വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺഫിലിമും കൂളിങ് ഫിലിമും ഉപയോഗിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശനനടപടി തുടങ്ങി. ഓപറേഷൻ സുതാര്യയുടെ ഭാഗമായി ജില്ലയിൽ നടന്ന പരിശോധനയിൽ നൂറോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് താലൂക്ക്തലത്തിൽ രൂപവത്കരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അനുവദനീയമായതിലും കൂടുതൽ അളവിൽ ഗ്ലാസുകൾ മറച്ച് നിരത്തിലിറങ്ങിയ വാഹനങ്ങൾ പിടികൂടി ഒട്ടിച്ച ഫിലിമുകൾ ഉദ്യോഗസ്ഥർ പറിച്ചുമാറ്റി. ആദ്യതവണ നിയമലംഘനം പിടികൂടിയവരിൽനിന്ന് 250 രൂപ പിഴയീടാക്കി. നിയമലംഘനം തുടർന്നാൽ 1250 രൂപ അടക്കേണ്ടിവരും.
കണ്ണൂർ സ്ക്വാഡിന്റെ കീഴിൽ ജില്ല ആശുപത്രി പരിസരം, കാൾടെക്സ്, പയ്യാമ്പലം ബീച്ച്, കണ്ണൂർ സിറ്റി, മട്ടന്നൂർ, ധർമടം തുടങ്ങിയ ഭാഗങ്ങളിൽ പരിശോധനയുണ്ടായി.
20 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ദേശീയപാതയിലും തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്ക്തല സ്ക്വാഡുകൾ വാഹനങ്ങൾ പരിശോധിച്ച് നടപടിയെടുത്തു. അനുവദനീയമായതിലും കൂടുതൽ അളവിൽ ഗ്ലാസുകൾ മറക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത കമീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ബുധനാഴ്ച തുടങ്ങിയ പരിശോധന ഈ മാസം 14 വരെ നടക്കും.
സുതാര്യമാകണം
വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും സുരക്ഷ ഗ്ലാസുകളിൽ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളിൽ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തണം. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ പതിക്കരുത്. ഇതുസംബന്ധിച്ച് കോടതി വിധിയും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്. വാഹന നിർമാതാക്കൾ നൽകുന്നതിൽനിന്ന് വ്യത്യസ്തമായി ഒരു മാറ്റവും ഗ്ലാസുകളിൽ നടത്തരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.