ടൂറിസം വകുപ്പ് ഓണാഘോഷത്തിന് തുടക്കം
text_fieldsകണ്ണൂർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടക്കമായി. ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ഏഴിന് കണ്ണൂർ ടൗൺ സ്ക്വയറിൽ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവഹിക്കും.
ആദ്യദിവസമായ വെള്ളിയാഴ്ച കേരള പൂരക്കളി അക്കാദമിയുടെ പൂരക്കളി, മൊകേരി വനിത കോൽക്കളി സംഘത്തിന്റെ കോൽക്കളി, മൊടപ്പത്തി നാരായണന്റെ ഏകാംഗ നാടകം, കലാമണ്ഡലം നയനയുടെ ഓട്ടൻതുള്ളൽ, ലാസ്യ സ്കൂൾ ഓഫ് ഡാൻസിന്റെ പുലിജന്മം നൃത്താവിഷ്കാരം, വജ്ര ജുബിലി ഫെലോഷിപ് കലാകാരൻമാർ അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ അരങ്ങേറി.
ഓണസമൃദ്ധി കർഷക ചന്ത തുടങ്ങി
കണ്ണൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടത്തുന്ന ഓണസമൃദ്ധി കർഷ ചന്തകളുടെ ജില്ല തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ഹോർട്ടികോർപിന്റെ സഞ്ചരിക്കുന്ന കർഷകച്ചന്ത അസി. കലക്ടർ അനൂപ് ഗാർഗ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യവിൽപന ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ നിർവഹിച്ചു.
സിവിൽ സ്റ്റേഷനിലെ മിൽമ ബൂത്തിന് സമീപത്താണ് ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചത്. ജില്ലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് സംഭരിക്കുന്നത്. ഈ പച്ചക്കറികൾ 30 ശതമാനം വിലക്കിഴിവിൽ ചന്തയിൽ ലഭിക്കും. ജില്ലയിൽ 141 ഓണസമൃദ്ധി ചന്തകളാണുള്ളത്. 89 എണ്ണം കൃഷിഭവനുകളും 46 എണ്ണം ഹോർട്ടികോർപ് നേരിട്ടും ആറെണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊഡക്ഷൻ കൗൺസിലിന്റെ ഭാഗമായുമാണ് ഒരുക്കിയത്.
ആഗസ്ത് 28 വരെ ചന്ത നടക്കും. തക്കാളി, വെണ്ട, പാവൽ, വാഴക്കൂമ്പ്, നേന്ത്രക്കായ, ചേന തുടങ്ങിയ നാടൻ പച്ചക്കറികൾക്കൊപ്പം വട്ടവട, കാന്തല്ലൂർ, പെരുമാട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ജൈവകർഷകർ ഉൽപാദിപ്പിക്കുന്ന കുത്തരി, ശർക്കര, തേൻ, നാടൻ കറിപ്പൊടികൾ തുടങ്ങിയവയും ചന്തയിലുണ്ട്.
കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫിസർ ബി.കെ. അനിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ടി.പി.എം. നൂറുദ്ദീൻ, പി.കെ. ബേബി റീന, ഡി.എൽ. സുമ, കണ്ണൂർ കൃഷി അസി.ഡയറക്ടർ കെ.പി. രസന, കൃഷി അസി. ഡയറക്ടർ സി.വി. ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാലായിരം പേര്‍ക്ക് സദ്യവിളമ്പി മെഡിക്കല്‍ കോളജ്
പയ്യന്നൂർ: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഓണാഘോഷ പരിപാടിക്ക് 4000 പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യവിളമ്പി. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ ടാക്സി, ഓട്ടോ, ആംബുലന്‍സ് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരെ നേരിട്ട് ക്ഷണിച്ചിരുന്നു. പരിപാടിയുടെ പേര് അന്വര്‍ഥമാക്കി നമ്മളൊന്ന് എന്ന് തെളിയിച്ച പരിപാടി സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.
നമ്മളൊന്ന് ഓണാഘോഷപരിപാടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് ഡോ.കെ. രമേശന് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം വിരമിച്ച ജീവനക്കാര്‍ക്ക് വെല്ഫെര് കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രിന്‍സിപ്പൽ ഡോ. കെ.പി.ഷീബ ദാമോദരന്‍ വിതരണം ചെയ്തു. ഡന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.സജി, നേഴ്സിങ് കോളജ് പ്രിന്‍സിപ്പൽ പ്രഫ.എം.കെ.പ്രീത, നഴ്സിങ് സൂപ്രണ്ട് പി.കെ.ഗീത എന്നിവര്‍ സംസാരിച്ചു. ചുണ്ടന് വള്ളത്തിന്റെ മാതൃകതീര്‍ത്ത ആര്‍ട്ടിസ്റ്റ് മോഹനനെ ആദരിച്ചു.
ഡോ.കെ.വി. ശ്രീകുമാര്‍, ഡോ.പി.പി.ബിനീഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. പി.ആര്. ജിജേഷ് സ്വാഗതവും പി.ഐ. ശ്രീധരന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.