കാട്ടാനകളെ തടയൽ; കർണാടക അതിർത്തിയിലെ സൗരോർജ തൂക്കുവേലി നവംബറോടെ പൂർത്തിയാകും
text_fieldsശ്രീകണ്ഠപുരം: മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ തൂക്കുവേലികൾ(തൂങ്ങിനില്‍ക്കുന്ന സൗരോർജ വേലികള്‍) ഒരുങ്ങുന്നു. വേലിനിർമാണം 30 ശതമാനത്തോളം പൂർത്തിയായി. മഴ കാരണം നിർത്തിവെച്ച പണി അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും.
ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാഞ്ഞിരക്കൊല്ലി ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയംവരെ കർണാടകയുമായി അതിർത്തിപങ്കിടുന്ന 16 കി.മീ. ഭാഗത്താണ് 55 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ ഒരുക്കുക.
ജില്ലാ പഞ്ചായത്തും പയ്യാവൂർ ഗ്രാമപഞ്ചായത്തും 25 ലക്ഷം രൂപവീതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് ഫണ്ട് അനുവദിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്. മാർച്ച് 31നുമുമ്പ് തൂക്കുവേലിയുടെ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും സാങ്കേതിക തടസ്സങ്ങൾ തിരിച്ചടിയായി. മഴ കാരണം നിലവിൽ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണെന്നും നവംബർ 30നകം വേലി പൂർത്തിയാകുമെന്നും പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ 'മാധ്യമ'ത്തോട് പറഞ്ഞു.
തൂക്കുവേലി കടന്നുപോകേണ്ട മാർഗത്തിലെ കാടുകൾ അതത് സ്ഥലവാസികളെ പങ്കെടുപ്പിച്ച് ജനകീയമായാണ് വെട്ടിത്തെളിച്ച് പണിതുടങ്ങിയിരുന്നത്.
ഇതിനായി അതിർത്തി വാർഡുകളിൽ ഉൾപ്പെടുന്ന ശാന്തിനഗർ, കാഞ്ഞിരക്കൊല്ലി പാടാംകവല, ചാപ്പക്കൽ, ചന്ദനക്കാംപാറ ആടാംപാറ, ഒന്നാം പാലം എന്നിവിടങ്ങളിലെ ഇടവക വികാരിമാർ ചെയർമാന്മാരും പഞ്ചായത്തംഗങ്ങൾ കൺവീനർമാരുമായി കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ചെയർമാനും ടി.എം. ജോഷി കൺവീനറുമായ ജനറൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്.
തൂക്കുവേലികൾ
15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 50 മീറ്റർ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിങ് കേബിളുകൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിട്ടാണ് തൂക്കുവേലികൾ ഒരുക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സ്വകാര്യ സംരംഭങ്ങളിലടക്കം ഇത്തരത്തിൽ നിർമിച്ച തൂക്കുവേലികൾ കാട്ടാനകളെ പ്രതിരോധിക്കുന്നതിൽ വിജയംകണ്ടതാണ് ഇവിടെയും നിർമിക്കാൻ പ്രചോദനമായത്. പരമ്പരാഗത രീതിയിൽ താഴെ വൈദ്യുതിവേലി ഒരുക്കുന്നതിലെ വലിയ ന്യൂനതകൾക്ക് ഇത്തരത്തിൽ പ്രതിരോധം ഒരുക്കുന്നതിലൂടെ മറികടക്കാനാകും എന്ന് വിദഗ്ധർ പറയുന്നു. വൈദ്യുതി പ്രവഹിക്കുന്ന സ്റ്റീൽ വയറുകൾ തറനിരപ്പിൽനിന്ന് മൂന്ന് അടിവരെ ഉയർന്നുനിൽക്കുന്നതിനാൽ പെട്ടെന്ന് നശിച്ച് പ്രവർത്തന മികവ് നഷ്ടപ്പെടില്ല. ഉയരത്തിൽനിന്ന് തൂങ്ങിക്കിടക്കുന്നതിനാൽ മരശിഖരങ്ങളും മറ്റും വീണ് പൊട്ടുകയുമില്ല. ചെറുമൃഗങ്ങൾക്ക് അപകടമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.