ഗവ. ആയുർവേദ കോളജ് വികസനം സ്ഥലപരിമിതി തടസമാവുന്നു
text_fieldsപയ്യന്നൂർ: ഉത്തര കേരളത്തിലെ സർക്കാർ ആയുർവേദ പഠനകേന്ദ്രമായ പരിയാരം ഗവ. ആയുർവേദ കോളജ് വികസനത്തിന് സ്ഥലപരിമിതി തടസ്സമാവുന്നു. നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിവിധ സർക്കാർ വിഭാഗങ്ങൾ തയാറാണെങ്കിലും ആവശ്യത്തിന് സ്ഥലമില്ലാത്തത് ഈ ആതുരാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തെല്ലൊന്നുമല്ല തളർത്തുന്നത്.
നേരത്തേ ഹോസ്റ്റൽ കെട്ടിടം നിർമിക്കുന്നതിന് കോളജ് കാമ്പസിൽ ലക്ഷങ്ങൾ ചെലവിട്ട് നട്ടുവളർത്തിയ ഔഷധസസ്യങ്ങൾ മുറിച്ചുമാറ്റേണ്ട സ്ഥിതിയുണ്ടായി. കാമ്പസിൽ കെട്ടിട നിർമാണത്തിന് ഭൂമിയില്ലാത്തതിനാലാണ് വിദ്യാർഥികളുടെ പഠനത്തിന് അത്യാവശ്യമായ സസ്യങ്ങളും മരങ്ങളും മുറിച്ചു മാറ്റേണ്ടി വരുന്നത്. കോളജ് അക്കാദമിക് ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തെ അത്യപൂർവ ഔഷധസസ്യങ്ങളും തണൽ മരങ്ങളും മുറിച്ചു മാറ്റിയാണ് ഹോസ്റ്റൽ നിർമിച്ചത്.
പരിയാരം ടി.ബി സാനട്ടോറിയം വക പരിയാരം മെഡിക്കൽ കോളജിന് നൽകിയ 160 ഏക്കറിനോട് തൊട്ട് 35 ഏക്കർ ഭൂമിയാണ് കോളജ് തുടങ്ങാൻ അന്ന് അനുവദിച്ചിരുന്നത്. നിലവിൽ അര ഡസനിലധികം വലിയ കെട്ടിടങ്ങൾ, കളിസ്ഥലം, റോഡുകൾ, നിരവധി ക്വാർട്ടേഴ്സുകൾ തുടങ്ങിയവ നിർമിച്ചതിലൂടെ ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി. ബാക്കി വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ പ്രകാരം ഔഷധ സസ്യങ്ങളും വെച്ചു പിടിപ്പിച്ചു. ഈ സസ്യങ്ങളാണ് വികസനത്തിന് വേണ്ടി മുറിക്കേണ്ടി വരുന്നത്. ഇനിയും നിരവധി കെട്ടിടങ്ങൾ ആവശ്യമാണെങ്കിലും സ്ഥലപരിമിതി ഇവയുടെ നിർമാണത്തിന് തടസമാവുകയാണ്.
അതേസമയം, ആയുർവേദ കോളജിന്റെയും ഗവ. മെഡിക്കൽ കോളജിന്റെയും അതിർത്തിയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു നിന്ന് 25 ഏക്കർ സ്ഥലം കൂടി ആയുർവേദ കോളജിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. സ്ഥലം ലഭിക്കുന്ന പക്ഷം അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകൾ ഈ സ്ഥലത്ത് നിർമിക്കാവുന്നതാണ്. ഇതിനു പുറമെ പി.ജി വിദ്യാർഥികളുടെ ആൺ, പെൺ ഹോസ്റ്റലുകൾ, സർവകലാശാല റീജനൽ സെന്റർ തുടങ്ങിയവ ഇവിടെ നിർമിക്കാവുന്നതാണ്. രണ്ട് സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിന്റെ കീഴിലായതോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരുങ്ങിയത് നൂറ് ഏക്കർ സ്ഥലമെങ്കിലും സ്ഥാപനത്തിന് വേണമെന്നും വേണ്ടിവന്നാൽ സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യവുമുയരുന്നു.
സംസ്ഥാനത്ത് മൂന്ന് ഗവ. ആയുർവേദ കോളജുകളാണ് നിലവിലുള്ളത്. തിരുവനന്തപുരവും തൃപ്പൂണിത്തുറയും കഴിഞ്ഞാൽ പരിയാരത്താണ് മൂന്നാമത്തേത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കാനെത്തുന്നു. അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ പുരോഗതി സ്ഥലപരിമിതി തടസ്സമാവരുതെന്നാണ് പൊതു അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.