ഡീസല്‍ ക്ഷാമം; കെ.എസ്.ആര്‍.ടി.സി സര്‍വിസ് മുടങ്ങി
text_fieldsകണ്ണൂര്‍: ഡീസല്‍ക്ഷാമത്തെ തുടർന്ന് ജില്ലയിൽ കെ.എസ്.ആര്‍.ടി.സി സര്‍വിസുകൾ മുടങ്ങി. ഐ.ഒ.സി ജീവനക്കാരുടെ സമരവും ഡീസല്‍ ലഭ്യതക്കുറവുമാണ് സർവിസുകൾക്ക് ആവശ്യമായ ഇന്ധനം ലഭിക്കാത്തതിന് കാരണം. ബുധനാഴ്ച രാവിലെ നടത്തുന്ന 31 സര്‍വിസാണ് മുടങ്ങിയത്. ആകെ 80 സർവിസാണ് കണ്ണൂർ ഡിപ്പോയിൽനിന്നുള്ളത്. കണ്ണൂർ ഡിപ്പോയിൽനിന്നുള്ള മുഴുവൻ സർവിസ് നടത്താൻ 7000 ലിറ്ററോളം ഡീസൽ ആവശ്യമായുണ്ട്; കൂടാതെ, കണ്ണൂരിലെത്തുന്ന ദീർഘദൂര സർവിസുകൾക്ക് 4000 ലിറ്ററും. ഇങ്ങനെ 11,000 ലിറ്റർ വേണ്ടിടത്ത് ബുധനാഴ്ച 4000 ലിറ്റർ എണ്ണ മാത്രമേ ഡിപ്പോയിലുണ്ടായിരുന്നുള്ളൂ. ഇതാണ് സർവിസ് മുടങ്ങാൻ കാരണം. മലയോര മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ജനങ്ങളാണ് ഇതു കാരണം ഏറെ ദുരിതമനുഭവിച്ചത്.
13 സര്‍വിസുകള്‍ നടത്തുന്ന കാസര്‍കോട്ടേക്ക് രണ്ടു ബസുകള്‍ മാത്രമാണ് ഓടിയത്. അഞ്ചു ബസുകള്‍ സര്‍വിസ് നടത്തുന്ന ജില്ലയുടെ മലയോര ഗ്രാമമായ കുടിയാന്മലയിലേക്ക് വെറും രണ്ടും മാത്രമാണ് ഓടിയത്. കെ.എസ്.ആര്‍.ടി.സി ബസിനെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുപുഴയിലെ താബോറിലേക്കും സര്‍വിസ് മുടങ്ങി. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ് സര്‍വിസ് മുടങ്ങാന്‍ കാരണമെന്ന് എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഷാജു പറഞ്ഞു. 80ഓളം ബസുകളാണ് കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് ദിവസവും സര്‍വിസ് നടത്തുന്നത്. മൂന്നു ദിവസത്തെ ഡീസല്‍ സ്‌റ്റോര്‍ ചെയ്തുവെക്കാനുള്ള കപ്പാസിറ്റി കണ്ണൂര്‍ ഡിപ്പോക്കുണ്ട്.
ഐ.ഒ.സി ജീവനക്കാര്‍ പണിമുടക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും ഡീസല്‍ സ്റ്റോര്‍ ചെയ്തുവെക്കാത്തത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ സര്‍വിസ് മുടങ്ങിയില്ല. നാലു സര്‍വിസുകളാണ് കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് നടത്തുന്നത്. ഐ.ഒ.സി ജീവനക്കാരുടെ പണിമുടക്ക് തുടരുകയാണെങ്കില്‍ സര്‍വിസ് പൂര്‍ണമായും മുടങ്ങുമെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാൽ, ആവശ്യമായ ഇന്ധനം എത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും വ്യാഴാഴ്ച മുഴുവൻ ബസുകളും സർവിസ് നടത്തുമെന്നും ഡി.ടി.ഒ വി. മനോജ് കുമാർ പറഞ്ഞു.
കഴിഞ്ഞ മാസവും ഇന്ധനക്ഷാമത്തെ തുടർന്ന് കണ്ണൂർ ഡിപ്പോയിൽനിന്നുള്ള സർവിസ് മുടങ്ങിയിരുന്നു. കാസർകോട്, കോഴിക്കോട് ജില്ലകളിലേക്കും മലയോര മേഖലയായ ഇരിട്ടി, കുടിയാന്മല, ചതിരൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളാണ് മുടങ്ങിയത്. തുടർന്ന് ഇന്ധനമെത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.