ഡീസൽ ക്ഷാമം; തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലും സർവിസ് ഭാഗികം
text_fieldsതലശ്ശേരി: ഡീസൽ പ്രതിസന്ധിയെ തുടർന്ന് തലശ്ശേരിയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി സർവിസ് ഭൂരിഭാഗവും മുടങ്ങി. തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 45 ബസുകളാണുള്ളത്. ഇതിൽ ഏഴ് ബസുകളാണ് വ്യാഴാഴ്ച സർവിസ് നടത്തിയത്. മലയോരങ്ങളിലേക്ക് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സിയെയാണ്. മലയോരങ്ങൾ അടക്കമുള്ള ലോക്കൽ സർവിസുകളെയാണ് ഡീസൽ ക്ഷാമം കാര്യമായി ബാധിച്ചത്. ഡീസൽ കിട്ടുന്നതനുസരിച്ച് ബസുകൾ കൂടുതൽ ഓടിക്കാനാവുമെന്നാണ് ഡിപ്പോ ഉദ്യോഗസ്ഥരിൽനിന്നുള്ള മറുപടി.മൈസൂരു, മംഗളൂരു, ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള ബസുകളാണ് വ്യാഴാഴ്ച രാവിലെ സർവിസ് നടത്തിയത്, മൈസൂരുവിലേക്ക് രണ്ടും മറ്റിടങ്ങളിലേക്ക് ഓരോന്നും.
രാത്രി തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഡീലക്സും സ്വിഫ്റ്റ് ഉൾപ്പെടെ ബംഗളൂരുവിലേക്കുള്ള രണ്ട് ബസുകളും സർവിസ് നടത്തി.
ഫറോക്കിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് ഡീസൽ നൽകുന്ന എടക്കാട്ടെ ആദിൽ ഫ്യൂവൽസിൽ ഇന്ധനമെത്താത്തതാണ് കാരണമായി അധികൃതർ പറയുന്നത്. ഫറോക്ക് ഐ.ഒ.സി ഡിപ്പോയിൽ ജീവനക്കാർ ചട്ടപ്പടി സമരം നടത്തുന്നതാണ് പ്രശ്നമെന്നാണ് വിശദീകരണം. തലശ്ശേരി ഡിപ്പോയിൽ പ്രതിദിനം 4000 ലിറ്റർ ഡീസൽ വേണം. ഡീസൽ ക്ഷാമം കൂടുതൽ നേരിട്ടാൽ തലശ്ശേരി ഡിപ്പോയിലെ സർവിസ് പൂർണമായി മുടങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.