മാഹി കേന്ദ്രീകരിച്ച് ഡീസൽ കടത്ത് വ്യാപകം
text_fieldsതലശ്ശേരി: എളുപ്പത്തിൽ ലാഭംകൊയ്യുന്നതിനായി മാഹിയിൽനിന്നുള്ള ഡീസൽ കടത്ത് വ്യാപകമായി. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ടാങ്കർ ഡീസലാണ് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുന്നതിനിടയിൽ പൊലീസ് പിടികൂടിയത്. മാഹി കേന്ദ്രീകരിച്ച് ടാങ്കർ ലോറികളിൽ ഡീസൽ കടത്ത് വ്യാപകമായതോടെ പൊലീസ് കൂടുതൽ ഉണർന്നുപ്രവർത്തിക്കേണ്ട സാഹചര്യമായി. മാഹി അതിർത്തിയിൽനിന്ന് ടാങ്കറിൽ കടത്തുകയായിരുന്ന 6000 ലിറ്റർ ഡീസലാണ് ഒടുവിലായി പിടികൂടിയത്. പന്തക്കലിലെ പെട്രോൾ പമ്പിൽനിന്ന് ടാങ്കറിൽ കൊണ്ടുപോവുകയായിരുന്ന ഡീസലാണ് ശനിയാഴ്ച രാത്രി പത്തോടെ ന്യൂമാഹി പൊലീസ് പിടിച്ചത്. ഡ്രൈവർ എറണാകുളം പൈനാടത്ത് ഹൗസിൽ അലോറിൻ ആന്റണിയെ അറസ്റ്റ് ചെയ്തു. ഇതോടെ മൂന്ന് തവണയായി 30,000 ലിറ്റർ ഡീസലാണ് തലശ്ശേരി എ.എസ്.പി ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽനിന്ന് 12,000 ലിറ്റർ ഡീസൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന ടാങ്കർ ലോറിയുമായി പാലക്കാട് സ്വദേശികളായ രണ്ടുപേരെ ജൂലൈ12ന് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂലക്കടവിൽനിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന ഒരു ടാങ്കർ ഡീസൽ ന്യൂമാഹി സ്റ്റേഷൻ പരിധിയിൽനിന്ന് പിടിച്ചു.
മൂന്നുപേരെയും അറസ്റ്റ് ചെയ്തു. 30 ലക്ഷത്തോളം വിലവരുന്ന ഡീസലാണ് ഇതിനകം പിടിച്ചത്. 12,000 ലിറ്ററുള്ള ഒരു ടാങ്കർ ലോറി അതിർത്തികടന്നാൽ ഒരു ലക്ഷം രൂപ ലാഭം കിട്ടും. മാഹി കേന്ദ്രീകരിച്ച് മാസങ്ങളായി തുടരുന്ന കടത്തിനാണിപ്പോൾ പിടിവീണത്. തുടർച്ചയായി അടുത്തടുത്ത ദിവസങ്ങളിൽ ടാങ്കർ ലോറി പിടിച്ചതോടെ ഡീസൽ കടത്തുകാരും ആശങ്കയിലാണ്. ഇന്ധനക്കടത്തുകാരെ പിടിക്കാൻ മാഹിക്ക് ചുറ്റും കേരള പൊലീസ് ഉറക്കമിളിച്ച് കാത്തുനിൽക്കുകയാണ്. ന്യൂമാഹി, ചൊക്ലി, കതിരൂർ, ചോമ്പാല സ്റ്റേഷൻ പരിധിയിലൂടെയാണ് മാഹിയിൽനിന്നുള്ള ഇന്ധനക്കടത്ത്.
പെട്രോൾ പമ്പുകാരുടെ ഒത്താശയോടെയാണ് ഡീസൽ കടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേരള അതിർത്തിയിലൂടെയാണ് ഡീസൽ കടത്തുന്നതെങ്കിലും പൊലീസ് ഇക്കാര്യത്തിൽ വേണ്ടത്ര ജാഗരൂകരായിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂമാഹി കേന്ദ്രീകരിച്ച്പൊലീസ് പരിശോധന ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.