ജില്ല വികസന സമിതി യോഗം; ക്വാറി ഉൽപന്നങ്ങളുടെ വില ഏകീകരിക്കണം
text_fieldsകണ്ണൂർ: ജില്ലയിൽ ക്വാറി ഉൽപന്നങ്ങളുടെ വില ഏകീകരിക്കണമെന്നും ക്വാറി മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നും ജില്ല വികസന സമിതി യോഗത്തിൽ നിർദേശം. നിർമാണ സാമഗ്രികളുടെ വിലവർധനവിൽ നിർമാണ മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കെ.പി. മോഹനൻ എം.എൽ.എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജില്ലയിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു. ഭരണാനുമതിയായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ആലക്കോട് -പൂരക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിനടുത്ത് കരസംരക്ഷണത്തിനായി 1.05 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സാമ്പത്തികാനുമതിക്ക് സമർപ്പിച്ചതായി മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർ അറിയിച്ചു. വിജിൻ എം.എൽ.എയുടെ യോഗ നിർദേശത്തെ തുടർന്നാണിത്. കവ്വായി ബോട്ട് ജെട്ടി നിർമാണ ഭാഗമായി ഡ്രെഡ്ജ് ചെയ്ത മണൽ ലേലം ചെയ്ത് നീക്കന്നതിന് റീ ടെൻഡർ വെച്ചതായി ഇൻലാന്റ് നാവിഗേഷൻ എക്സി. എൻജിനീയർ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ യോഗ നിർദേശത്തെ തുടർന്നാണിത്. പയ്യന്നൂർ നഗരസഭാ കുടിവെള്ള പദ്ധതിയുടെ കിണർ നിർമാണവുമായി ബന്ധപ്പെട്ട് കെ.ഐ.ഐ.ഡി.സി എക്സി. എൻജിനീയർ, എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ, മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർ, പയ്യന്നൂർ നഗരസഭ സെക്രട്ടറി എന്നിവരുടെ സംയുക്ത യോഗം ചേർന്ന് ധാരണയിലെത്താൻ കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി.
തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ തടിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ, പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ഹൈസ്കൂൾ, കുറ്റിയാട്ടൂർ പഞ്ചായത്തിലെ ചുട്ടകപ്പാറ ഹയർ സെക്കൻഡറി സ്കൂൾ എന്നിവക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനെ തടിക്കടവ്, കുറ്റ്യേരി സ്കൂളുകൾക്ക് ഓരോ കോടി രൂപയും ചട്ടുകപ്പാറ സ്കൂളിന് 1.30 കോടി രൂപയുമാണ് അനുവദിച്ചത്. പണം അനുവദിച്ച് വർഷമൊന്നായിട്ടം നിർമാണ പ്രവൃത്തികൾ നീങ്ങുന്നില്ലെന്ന എം.വി. ഗോവിന്ദൻ എം.എൽ.എയുടെ പ്രതിനിധിയുടെ യോഗ നിർദേശത്തെ തുർന്നാണിത്.
പഴശ്ശി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം, ജലസേചനം എന്നിവയുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണം കൈക്കൊള്ളണമെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കം വേണമെന്നും സണ്ണി ജോസഫ് എം.എൽ.എ നിർദേശിച്ചു. പേരാവൂർ മണ്ഡലത്തിലെ റോഡുകൾ മെയിന്റനൻസ് റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി അറ്റകുറ്റപണികൾ നടത്തുന്നുണ്ടെന്നും പൂർണമായും തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് പുതിയ പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് റോഡ്, മെയിൻറനൻസ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർമാർ അറിയിച്ചു. എടക്കാട് പി.എച്ച്.സിയിലെ ഡയാലിസിസ് യൂനിറ്റ് മെയ് ആദ്യവാരത്തോടെ പ്രവർത്തിപ്പിക്കുമെന്ന് കണ്ണൂർ കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, സണ്ണി ജോസഫ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സബ് കലക്ടർ സന്ദീപ് കുമാർ, ജില്ല ഡെവലപ്മെന്റ് കമീഷണർ ഡി.ആർ. മേഘശ്രീ, അസി. കലക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ടി. രാജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.