ജില്ല വികസന സമിതി യോഗം; തെരുവുനായ് ശല്യത്തിന് പരിഹാരം കാണും -മന്ത്രി കടന്നപ്പള്ളി
text_fieldsകണ്ണൂർ: റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന തെരുവുനായ് ശല്യത്തിന് പ്രായോഗിക പരിഹാരം കാണുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ല വികസന സമിതി യോഗത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ തദ്ദേശ സ്ഥാപനം ചെയ്യേണ്ട നടപടികൾ അവരും റെയിൽവേ ചെയ്യേണ്ട കാര്യങ്ങൾ റെയിൽവേയും ചെയ്യണം. സർക്കാർ തലത്തിൽ ചെയ്യേണ്ട നടപടികൾ കൂടിയാലോചനയിലൂടെ സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരെ കടിച്ച നായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിഷയം യോഗം ചർച്ച ചെയ്തത്. ജില്ലയിൽ പടിയൂരിൽ മാത്രമാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പ്രവർത്തനത്തിന് കോർപറേഷനും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് നൽകുന്നുണ്ട്.
ആറളം ഫാമിലെ ആനമതിൽ നിർമാണത്തിന് വേഗം പോരെന്നും തടസ്സങ്ങൾ നീക്കി എത്രയും വേഗം പൂർത്തീകരിക്കണമെന്നും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുത്ത, ഭൂരഹിതരും അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവരുമായ 197 പേരുടെ ഹിയറിങ് പൂർത്തീകരിച്ചതായി ഐ.ടി.ഡി.പി എ.പിഒ അറിയിച്ചു. പ്ലോട്ട് മാറി താമസിക്കുന്ന 83 പേരുടെ പ്ലോട്ട് പരിശോധന പൂർത്തീകരിച്ചു. ഈ രണ്ട് കേസുകളിലും നടപടി പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു.
ജില്ലയിലെ 17 ഉന്നതികളിൽ ഹാബിറ്റാറ്റ് മുഖേന നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികളിൽ പ്രവൃത്തി ഇതുവരെ തുടങ്ങുക പോലും ചെയ്യാത്ത പയ്യന്നൂർ മണ്ഡലത്തിലെ എയ്യങ്കല്ലിൽ ഹാബിറ്റാറ്റിനെ ഒഴിവാക്കി പഞ്ചായത്തിനെ പ്രവൃത്തി ഏൽപ്പിക്കണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു.
കണ്ണൂർ നഗരത്തിൽ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാൻ കാറ്റിൽ പൗണ്ട് വിപുലീകരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ദേശീയപാതയിൽ പുതിയതെരു ടൗൺ മുതലുള്ള റോഡ് റീടാർ ചെയ്യണമെന്ന് കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലെ ബസ് സ്റ്റോപ്പ് മുന്നോട്ട് ആക്കുന്നത് സംബന്ധിച്ച് അടിയന്തരമായി സംയുക്ത പരിശോധനക്ക് കലക്ടർ നിർദേശം നൽകി.
ജില്ല കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ കെ.വി. സുമേഷ്, ടി.ഐ. മധുസൂദനൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.