അടച്ചുറപ്പില്ലാത്ത ജില്ല ആശുപത്രി കെട്ടിടത്തിൽ ഭീതിയോടെ രോഗികൾ; സുരക്ഷയൊരുക്കണം, സ്ത്രീകളുടെ വാർഡിൽ
text_fieldsകണ്ണൂർ: പഴയ കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ജില്ല ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ ഒരു സുരക്ഷയുമില്ലെന്ന് ആക്ഷേപം. കാന്റീന് മുന്നിലായുള്ള പഴയ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ വാർഡിന്റെ സ്ഥിതി തീർത്തും പരിതാപകരമാണ്. അടച്ചുറപ്പില്ലാത്ത വാർഡിൽ കഴിഞ്ഞ ദിവസം രോഗികളുടെയടക്കം ആറ് മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവവും ഉണ്ടായിരുന്നു. സ്ത്രീകളുടെയും ഗർഭിണികളുടെയും വാർഡുകളിൽ വാതിലുകൾക്കും ജനലുകൾക്കും കൃത്യമായ പൂട്ടോ മറ്റു സുരക്ഷാമാർഗങ്ങളോ ഇല്ലാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിലടക്കം സ്ത്രീകളുടെ വാർഡിന് ചുറ്റും പുരുഷന്മാരുടെ സാന്നിധ്യമുള്ളതായി രോഗികൾ പറയുന്നു. സ്ത്രീകൾക്കുള്ള ശൗചാലയം പുരുഷന്മാരടക്കം ഉപയോഗിക്കുന്നതായും പരാതിയുണ്ട്. എന്നാൽ, രോഗികളുടെ എണ്ണം കൂടുന്നതിനാൽ താൽക്കാലികമായാണ് ഈ വാർഡിൽ പ്രവേശിപ്പിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അസ്ഥിരോഗ വിഭാഗത്തിലെയടക്കം ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെയാണ് മറ്റു സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ പ്രവേശിപ്പിക്കുന്നത്. ഏതാണ്ട് 30നടുത്ത് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
നിർമാണം അന്തിമഘട്ടത്തിലായ സ്പെഷാലിറ്റി ബ്ലോക്ക് ആശുപത്രിക്ക് വിട്ടുകിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിന്റെ പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് രോഗികളെ അവിടേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, ഈ ബ്ലോക്കിന്റെ നിർമാണം നീളുന്നതാണ് ദുരിതത്തിന് കാരണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സ്പെഷാലിറ്റി ബ്ലോക്ക് ഫെബ്രുവരിയോടെ തുറക്കാൻ എതാണ്ട് ധാരണയായിട്ടുണ്ട്. തുടർന്ന് നിലവിൽ സ്ത്രീകളുടെ വാർഡ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ച് നവീകരിക്കാനാണ് ജില്ല പഞ്ചായത്തിന്റെ തീരുമാനം.
ഉടൻ പൊളിച്ച് നവീകരിക്കും -പി.പി. ദിവ്യ
നിർമാണം നടക്കുന്ന സ്പെഷാലിറ്റി ബ്ലോക്ക് തുറക്കുന്ന മുറക്ക് സ്ത്രീകളുടെ വാർഡ് അങ്ങോട്ടേക്ക് മാറ്റും. തുർന്ന് പഴയ കെട്ടിടം പൊളിച്ചുമാറ്റി നവീകരിക്കാനാണ് തീരുമാനം. രോഗികൾക്ക് ദുരിതമാകേണ്ട എന്നതിനാലാണ് നിലവിലെ പഴയ വാർഡ് അടച്ചിടാതിരിക്കുന്നത്.
കൂടുതൽ രോഗികൾക്ക് ചികിത്സ അവസരം നഷ്ടമാകാതിരിക്കാനാണ് കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിക്കുന്നത്. പഴയ കെട്ടിടം പൊളിച്ച് അത്യാധുനിക സംവിധാനത്തോടെയുള്ള ഒ.പി സംവിധാനമടക്കം ഒരുക്കും.
കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കുമായി 2.70 കോടി ചെലവഴിച്ച് ഹൈടെക് വാർഡിന്റെ നിർമാണം തുടങ്ങിയിരിക്കുകയാണ്.
ഗർഭിണികളായ സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന ഹൈടെക് വാർഡാണ് ഒരുക്കുക. ഇതോടെ നിലവിലെ പ്രതിസന്ധിക്കെല്ലാം പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.