'മുന്നേറാം' മിടുക്കരായി വളരാം
text_fieldsകണ്ണൂർ: എസ്.എസ്.എല്.സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദൂരീകരിക്കുന്നതിന് 'മുന്നേറാം, ആത്മവിശ്വാസത്തോടെ' എന്ന പേരില് പരീക്ഷ മുന്നൊരുക്ക പരിപാടിയുമായി ജില്ല പഞ്ചായത്ത്. ഇതുസംബന്ധിച്ച് ചേര്ന്ന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
ഓണ്ലൈന് വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടന്ന് എസ്.എസ്.എല്.സി, പ്ലസ് ടു പരീക്ഷകളില് ജില്ലയില് മികച്ച വിജയം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ദിവ്യ പറഞ്ഞു. ഇതിനായി വിദ്യാര്ഥികളെ പ്രാപ്തരാക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും ആവശ്യമായ സാമൂഹിക പിന്തുണ നല്കും.
പിന്നാക്കം നില്ക്കുന്ന വിദ്യാര്ഥികളുടെ പഠന നിലവാരം ഉയര്ത്താന് സ്കൂളുകളില് വൈകീട്ട് പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. വിദ്യാര്ഥികളുടെ റിഫ്രഷ്മെന്റിനുള്ള തുക ജില്ല പഞ്ചായത്ത് നല്കും. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപന പ്രതിനിധികളെ ഉള്പ്പെടുത്തി യോഗങ്ങള് ചേരും. ഗൃഹ സന്ദര്ശനങ്ങള് സംഘടിപ്പിക്കും. വിദ്യാര്ഥികളുടെ പഠനം, കല, കായികം, ലൈംഗിക വിദ്യാഭ്യാസം എന്നിവക്ക് പ്രാധാന്യം നല്കി സര്ഗാത്മക അന്തരീക്ഷം ഒരുക്കാനുള്ള സമഗ്ര പാക്കേജ് അടുത്ത അധ്യയന വര്ഷം യാഥാര്ഥ്യമാക്കും.
സ്കൂള് ഭൂമി അന്യാധീനപ്പെട്ടുവോ എന്നറിയുന്നതിന് ജില്ല പഞ്ചായത്തിനു കീഴിലുള്ള എല്ലാ സര്ക്കാര് ഹയര് സെക്കൻഡറി സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താന് തീരുമാനിച്ചതായും അവര് പറഞ്ഞു. ജില്ല പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.