അരങ്ങുണരുന്നു...ജില്ല സ്കൂൾ കലോത്സവം 22 മുതൽ
text_fieldsകണ്ണൂർ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന് നവംബർ 22ന് തിരിതെളിയും. 28 വരെ കണ്ണൂർ നഗരത്തിലെ വിവിധ സ്കൂളുകളിൽവെച്ചാണ് മേള നടക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ സ്കൂളുകളിലടക്കം 16 വേദികളിലായാണ് കലോത്സവം നടക്കുക.
15 ഉപജില്ലകളിൽനിന്നുള്ള 12,885 കുട്ടികൾ മേളയിൽ പങ്കെടുക്കും. ആകെ 297 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കണ്ണൂർ മുനിസിപ്പൽ സ്കൂളായിരിക്കും മുഖ്യവേദി. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
22ന് മുനിസിപ്പൽ സ്കൂളിൽ ഉച്ചക്ക് 2.30ന് സ്പീക്കർ എ.എൻ. ഷംസീർ മേള ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി മുഖ്യാതിഥിയാകും. 24ന് നടക്കുന്ന സമാപന സമ്മേളനം കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും.
കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിളംബര ജാഥ 21ന് വൈകീട്ട് മൂന്നിന് കണ്ണൂർ പ്രഭാത് ജങ്ഷനിൽനിന്ന് ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കും. 2019ലാണ് അവസാനമായി ജില്ല കലോത്സവം നടന്നത്. മഹാമാരി തീർത്ത രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന മേളക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യദിനമായ 22ന് ഓഫ് സ്റ്റേജ് മത്സരങ്ങളാണ് കൂടുതൽ വേദികളിൽ. പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ അന്ന് ഭരതനാട്യ മത്സരങ്ങൾ നടക്കും. കേരളനടനം, തുള്ളൽ, പൂരക്കളി, ബാൻഡ്മേളം എന്നിവയിലുള്ള മത്സരങ്ങളും ആദ്യദിനം നടക്കും. വാർത്തസമ്മേളനത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, യു.കെ. ബാലൻ, വി.വി. രതീഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ, സിദ്ദീഖ് കൂട്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.