ബോണസ് മാർക്ക് 'നീന്തി'ക്കയറാൻ ഉന്തും തള്ളും
text_fieldsകണ്ണൂർ: പ്ലസ് വൺ പ്രവേശന ബോണസ് മാർക്കിനായുള്ള നീന്തൽ സർട്ടിഫിക്കറ്റിന് ഉന്തുംതള്ളും. ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിലാണ് സർട്ടിഫിക്കറ്റിനായി രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും മണിക്കൂറുകളായുള്ള കാത്തിരിപ്പ്. കോവിഡ് പശ്ചാത്തലത്തിൽ രക്ഷിതാക്കളും വിദ്യാർഥികളും കൂട്ടത്തോടെ ഓഫിസിലെത്തുന്നത് രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന ആശങ്കയുമുയർന്നു. ഇതോടെ ഇക്കാര്യത്തിലുള്ള ഉത്തരവ് കലക്ടർ തിരുത്തി. നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് വ്യാഴാഴ്ച രാത്രി വൈകി ഉത്തരവിറക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ശേഖരിച്ച് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസിലെത്തിച്ച് ഒപ്പുവച്ചതിനുശേഷം വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്ന് കലക്ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ സ്പോർട്സ് കൗൺസിൽ ഓഫിസിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പുതിയ നിർദേശമെന്നാണ് കലക്ടറുടെ വിശദീകരണം.
കഴിഞ്ഞ വർഷം ബോണസ് മാർക്കിന് തദ്ദേശ സ്ഥാനങ്ങൾ നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയായിരുന്നു. ഈ അധികാരം ഇക്കുറി സ്പോർട്സ് കൗൺസിലിന് നൽകിയതാണ് വിദ്യാർഥികർക്ക് വിനയായത്. ജില്ലയിലെ മലയോരത്ത് നിന്നടക്കമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റിനായി കണ്ണൂരിലെ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിലെത്തേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം മാത്രം 2000 വിദ്യാർഥികളാണ് സർട്ടിഫിക്കറ്റിനായി ഓഫിസിലെത്തിയത്.
നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് മാർക്കാണ് ബോണസായി നൽകുന്നത്. കഴിഞ്ഞ വർഷവും, നീന്തലറിയാമെന്ന് സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് വേണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപവത്കരിച്ച സ്പോർട്സ് കൗൺസിലിെൻറ സർട്ടിഫിക്കറ്റ് മതിയെന്ന് പറഞ്ഞു. എന്നാൽ, പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്പോർട്സ് കൗൺസിൽ രൂപവത്കരിച്ചിരുന്നില്ല. ഇതുകൊണ്ടാണ് ഇക്കുറി ജില്ല സ്പോർട്സ് കൗൺസിലിൽ നിന്ന് നേരിട്ട് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന നിർദേശം വന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ മൂന്നിരട്ടിയോളം വർധിച്ചതിനാൽ പ്രവേശനത്തിന് ഓരോ ബോണസ് മാർക്കിനും പ്രാധാന്യമുണ്ട്.
കുട്ടിക്ക് നീന്തൽ അറിയാമെന്ന അതത് തദ്ദേശ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ കത്തുമായാണ് സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തേണ്ടത്. സർട്ടിഫിക്കറ്റിനുപുറമെ, നീന്തൽ അറിയാമെന്ന് എങ്ങനെ തെളിയിക്കുമെന്നതിനുള്ള മറ്റ് നിർദേശങ്ങളൊന്നും വന്നിട്ടില്ല. കോവിഡ് മാനദണ്ഡപ്രകാരം കുട്ടികളെ നീന്താൻ നിർബന്ധിക്കാനും കഴിയില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് നൽകുന്ന നീന്തലറിയാമെന്ന സർട്ടിഫിക്കറ്റിൽ കൗണ്ടർസൈൻ ചെയ്ത് നൽകാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നുള്ള നിർദേശം. അതിനാൽ അനർഹരായ പല വിദ്യാർഥികളും ബോണസ് മാർക്കിെൻറ പരിധിയിൽ വരുമെന്ന ആശങ്കയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.