തലശ്ശേരി കടലോരത്ത് മാലിന്യം വലിച്ചെറിയേണ്ട, പിടിവീഴും; വരുന്നു, നിരീക്ഷണ കാമറകൾ
text_fieldsതലശ്ശേരി: ദേശീയപാതയിൽ ജില്ല കോടതി പരിസരം കടലോരത്ത് മാലിന്യം തള്ളുന്നതും റോഡരികിൽ മത്സ്യവണ്ടികളിൽ നിന്നുള്ള മലിനജലമൊഴുക്കുന്നതും കണ്ടെത്താൻ നഗരസഭ നിരീക്ഷണ കാമറകൾ സജ്ജമാക്കുന്നു. 2022 - 23 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ 28ന് മാസ് ക്ലീനിങ് കാമ്പയിൻ നടത്താനും നഗരസഭ ആസൂത്രണം ചെയ്തു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നഗരസഭയുടെ നടപടി. ‘മൂക്കുപൊത്തി’ നടക്കാം തലശ്ശേരി കടലോരത്ത് എന്ന തലവാചകത്തിൽ കടലോരത്തെ മാലിന്യം ജനങ്ങൾക്ക് ദുരിതമാകുന്നത് സംബന്ധിച്ച് ഫെബ്രുവരി 16ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
രണ്ട് പാർക്കുകൾ, ജില്ല കോടതി, പള്ളി, ഹോട്ടലുകൾ, അഭിഭാഷകരുടെ നിരവധി ഓഫിസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടെ. രാത്രിയുടെ മറവിലാണ് കടലോരത്ത് ആളുകൾ മാലിന്യം വലിച്ചെറിയുന്നത്. ഇതേ സ്ഥലത്താണ് മത്സ്യം കയറ്റിയെത്തുന്ന ലോറികൾ നിർത്തിയിട്ട് മലിനജലം റോഡരികിൽ ഒഴുക്കിവിടുന്നത്. അസഹ്യമായ ദുർഗന്ധമാണിവിടെ. കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തന്നെ ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. കടലോരത്തെ ദുർഗന്ധം രണ്ട് കിലോമീറ്റർ വരെ എത്തുന്നതായാണ് പരിസരവാസികൾ പറയുന്നത്.
പാർക്കിലെത്തുന്ന സഞ്ചാരികളെയും കടലോരത്തെ അസഹ്യമായ ദുർഗന്ധം മനംമടുപ്പിക്കുകയാണ്. ദേശീയപാതയിലൂടെ കടന്നുപോകുന്ന മത്സ്യവാഹനങ്ങൾ മിക്ക സമയങ്ങളിലും ഐ.എം.എ ഹാൾ പരിസരത്താണ് മണിക്കൂറുകളോളം നിർത്തിയിടുന്നത്. വാഹനങ്ങളിലെ മലിനജല ടാങ്ക് തുറന്ന് റോഡരികിലാണ് മലിനജലം ഒഴുക്കുന്നത്. ഇതുകാരണം പരിസരം മുഴുവൻ ദുർഗന്ധം അസഹനീയമാകുമ്പോഴും അധികൃതർ ഇക്കാര്യത്തിൽ ഇതുവരെ മൗനമവലംബിക്കുകയായിരുന്നു. കോടതി പരിസരത്ത് പൊതുജനങ്ങളും യാത്രക്കാരും മാലിന്യത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വാർഡ് കൗൺസിലർ പലതവണ നഗരസഭാധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും കടലോരവും പരിസരവും നിരീക്ഷിച്ചു. ഐ.എം.എ ഹാൾ പരിസരത്ത് മത്സ്യവാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് തടയാൻ രണ്ട് ബോർഡുകൾ സ്ഥാപിച്ചു. നിരീക്ഷണ കാമറകളും അടുത്ത ദിവസം സ്ഥാപിക്കും. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. സാഹിറ, കൗൺസിലർ ടി.പി. ഷാനവാസ്, ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, എച്ച്.ഐ മാരായ അരുൺ എസ്. നായർ, സി. ഷജീഷ്, രജിന, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.