കുടിച്ച് വളയം പിടിക്കേണ്ട; ആൽക്കോ സ്കാൻ തടയും
text_fieldsകൂത്തുപറമ്പ്: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനായുള്ള ആൽക്കോ സ്കാൻ വാൻ പ്രവർത്തിച്ചുതുടങ്ങി.
ജില്ലയിൽ ആദ്യമായി കൂത്തുപറമ്പിലാണ് ആൽക്കോ സ്കാൻൻ വാനിന്റെ പ്രവർത്തനം ആരംഭിച്ചത്.
ജില്ലതല ഉദ്ഘാടനം കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ലാഗ് ഓഫ് ചെയ്തു. നാടാകെ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുകയും അതോടൊപ്പം ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആധുനിക സംവിധാനമായ ആൽക്കോ സ്കാൻ വാൻ പൊലീസ് പുറത്തിറക്കുന്നത്. മദ്യം ഉപയോഗിക്കുന്നവരെ കണ്ടെത്തി ശാസ്ത്രീയമായി പരിശോധിച്ച് കണ്ടുപിടിക്കാവുന്ന തരത്തിലാണ് ആൽക്കോ സ്കാൻ വാൻ രൂപകൽപന ചെയ്തിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് അത്യാധുനിക സംവിധാനങ്ങളുള്ള ആൽക്കോ വാൻ സംസ്ഥാനതലത്തിൽ പുറത്തിറക്കിയത്. ഒരു വാഹനം മാത്രമാണ് ആദ്യഘട്ടത്തിലുള്ളത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനായി ഉപയോഗിക്കുന്ന ആൽക്കോമീറ്റർ, എം.ടി.എം.എ, കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ ആറോളം മാരക ലഹരി വസ്തുക്കളുടെ സാന്നിധ്യം ശരീരത്തിൽ കണ്ടെത്താനായി സാധിക്കുന്ന സോടോക്സ് മെഷീൻ എന്നിവയാണ് ആൽക്കോ സ്കാൻ വാനിൽ ഒരുക്കിയിരിക്കുന്നത്.
സംശയമുള്ളവരുടെ ഉമിനീർ ശേഖരിച്ചാണ് സോടോക്സ് മെഷീനിലെ പരിശോധന.
സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് വാഹനമൊരുക്കിയത്. റോട്ടറി ക്ലബിന്റെ സഹകരണവും ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനത്തിനുണ്ട്. ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും ഒരാഴ്ചക്കാലം വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.
കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ കൂത്തുപറമ്പ് എസ്.എച്ച്.ഒ എം.വി. ബിജു, എസ്.ഐ പി.ടി. സൈഫുല്ല തുടങ്ങിയവർ സംബന്ധിച്ചു. എൻ.ടി. ഗോപാലകൃഷ്ണൻ, എ.സി.പി ഒ.ടി. പ്രജോഷ്, വി.പി.ഒ ഷിജിത്ത്, റെനീഷ്, നിജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.