പുഴയാണ്, ജീവനാണ് കൊല്ലരുത്; പഴയങ്ങാടിയിൽ പുഴ മണ്ണിട്ടുനികത്തൽ തകൃതി
text_fieldsപഴയങ്ങാടി: ടൂറിസം വികസനത്തിന്റെ പേരിൽ പഴയങ്ങാടി മുട്ടുകണ്ടി പുഴ മണ്ണിട്ടുനികത്തുന്നതിനെതിരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. വള്ളംകളി കാഴ്ചക്കായി ഗാലറി നിർമാണത്തിനും ടൂറിസം വികസനം ലക്ഷ്യമിട്ടും 2.87 കോടി രൂപ ചെലവഴിച്ചാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞയാഴ്ച രാത്രി ടിപ്പർ ലോറിയിൽ മണ്ണ് കടത്തി പുഴ നികത്തുന്നത് നാട്ടുകാർ സംഘടിച്ച് തടഞ്ഞിരുന്നു. തുടർന്ന് മണ്ണിട്ടു നികത്തുന്നത് താൽക്കാലികമായി നിർത്തിയിരുന്നു. മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി മേഖലകൂടിയാണിത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ വീണ്ടും മണ്ണിട്ട് തുടങ്ങിയതോടെ നാട്ടുകാർ രംഗത്തെത്തി പ്രതിഷേധിച്ചു. എന്നാൽ, ചൊവ്വാഴ്ച രാത്രിയിലും നികത്തൽ തുടർന്നു.
പഴയങ്ങാടി പുഴ മണ്ണിട്ടുനികത്തി ദലിതരുടെ ചെമ്മീൻ തപ്പിപ്പിടിച്ചുള്ള ഉപജീവനവും മറ്റിതര മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളും ഇല്ലാതാക്കിയും പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചുമുള്ള ടൂറിസം പദ്ധതി ഉപേക്ഷിക്കണമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു. പുഴ നികത്തുന്നതിനെതിരെ ഏഴോം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിലിടപെടാൻ കണ്ണൂർ ജില്ല കലക്ടർക്ക് പരിസ്ഥിതിപ്രവർത്തകരും പരാതി നൽകുമെന്നറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.