വാതിൽപടി വിതരണക്കാരുടെ സമരം തുടരുന്നു; റേഷൻ മുടങ്ങും
text_fieldsകണ്ണൂര്‍: ഗോഡൗണുകളില്‍നിന്നുള്ള റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കേണ്ട വാതിൽപടി വിതരണക്കാരുടെ സമരം തുടരുന്നതിനാൽ ജില്ലയിലെ റേഷൻ വിതരണം സ്തംഭനത്തിലേക്ക്. മിക്ക റേഷന്‍ കടകളും കാലിയായിത്തുടങ്ങി.
ജില്ലയിൽ അഞ്ച് താലൂക്കുകളിലെ ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിലേക്ക് സാധനമെത്തിക്കുന്ന കരാറുകാര്‍ക്കായി ഒമ്പത് കോടിയോളം രൂപയോളമാണ് ലഭിക്കാനുള്ളത്. സമരത്തെ തുടർന്ന് ഈ മാസം ഭക്ഷ്യവസ്തുക്കളുടെ ലോഡ് റേഷൻ കടകളിൽ എത്തിയിട്ടില്ല. പലയിടത്തും സാധനങ്ങൾ തീർന്നുതുടങ്ങി. കൂടുതൽ സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള കടകളിൽ ഭക്ഷ്യവസ്തുക്കൾ സ്റ്റോക്കുണ്ട്. സൗകര്യംകുറഞ്ഞ കടകളിലെ സാധനങ്ങൾ തീർന്നുതുടങ്ങിയതായി റേഷൻ കടയുടമകൾ പറഞ്ഞു.
സബ്സിഡി സാധനങ്ങളായ ആട്ട, ഗോതമ്പ്, മട്ടയരി എന്നിവ പലയിടത്തും കാലിയായി. സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കട അടച്ചിടേണ്ടി വരുമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. റേഷൻ കട പരിധിയിലെ കാർഡുകൾക്ക് അനുസരിച്ചാണ് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നത്.
അരിയും ഗോതമ്പും അടക്കമുള്ള സാധനങ്ങൾ ലഭിക്കാതാവുന്നതോടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന എ.എ.വൈ, മുൻഗണന കാർഡ് കുടുംബങ്ങൾ അടക്കം ദുരിതത്തിലാവും. ട്രോളിങ് തുടങ്ങിയതോടെ തീരദേശത്തടക്കം അരിയും സാധനങ്ങളും വാങ്ങാൻ നിരവധിപേരാണ് റേഷൻ കടകളിലെത്തുന്നത്.
പലവട്ടം ഭക്ഷ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ജൂൺ ഒന്നുമുതൽ വാതില്‍പ്പടി വിതരണക്കാർ സമരത്തിലേക്ക് കടന്നത്. മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. കരാറുകാര്‍ക്ക് ലഭിക്കുന്ന 40 ശതമാനം തുകയും തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അടക്കേണ്ടതാണ്.
ഇത് കൃത്യമായി അടച്ചില്ലെങ്കില്‍ 25 ശതമാനം പലിശ പിഴയിനത്തിലും അടക്കണം. സർക്കാർ കുടിശ്ശികയാക്കിയതോടെ ഇതൊക്കെയും മുടങ്ങി.
കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കുടിശ്ശിക അടക്കം നല്‍കാത്തതില്‍ റേഷൻ വ്യാപാരികളും പ്രതിഷേധത്തിലാണ്. പണം നൽകണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം. കോവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്ത വകയിൽ 48 കോടി രൂപയാണ് സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.